കൂടലിലെ കൊലപാതകം: രാജന്‍ പിതൃസഹോദരിയുടെ വീട്ടില്‍ താമസിക്കുന്നത് വിരോധത്തിന് കാരണം; കുത്തിയത് മൂര്‍ച്ചയേറിയ ആയുധം കൊണ്ട്; മരണം രക്തം വാര്‍ന്ന്; പ്രതി റിമാന്‍ഡില്‍; കുത്താനുപയോഗിച്ച ആയുധം കണ്ടെടുത്തു

കൂടലിലെ കൊലപാതകം: കുത്താനുപയോഗിച്ച ആയുധം കണ്ടെടുത്തു

Update: 2025-08-12 13:02 GMT

കോന്നി: പിതൃസഹോദരിക്കൊപ്പം താമസിച്ചു വന്നയാള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടല്‍ പോലീസിന്റെ പിടിയിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കൂടല്‍ പുന്നമൂട് പയറ്റുകാല വീട്ടില്‍ രാജന്‍ (40) കുത്തേറ്റ് മരിച്ച കേസില്‍ ആറ്റഴിക്കോട് പടിഞ്ഞാറ്റേതില്‍ അനി(45)യാണ് റിമാന്‍ഡിലായത്. പ്രതി വിവാഹിതനാണ്. ഒറ്റയ്ക്കാണ് താമസം. രണ്ടു മക്കളുണ്ട്. ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.

അനി കുറച്ചുനാള്‍ മുമ്പ് ഒരു സ്ത്രീയെ വീട്ടില്‍ കൊണ്ടാക്കി ഒരുമിച്ചു താമസമാക്കിയിരുന്നു. അവിവാഹിതനായ രാജന് ഈ സ്ത്രീയുമായി പിന്നീട് അടുപ്പമുണ്ടായി എന്ന് സംശയിച്ചിരുന്നു. ഇക്കാരണത്താല്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവതി അനിയെ വിട്ടു പോയതും വിരോധകാരണമായി.

സ്ഥിരം മദ്യപാനിയായ ഇയാള്‍ക്ക് കൂലിപ്പണിയാണ്. അപ്പച്ചി അമ്മിണിയുടെ വീട്ടിലായിരുന്നു രാജന്റെ താമസം. ഇവര്‍ കൂടലിലെ സ്വകാര്യ ആശുപ്രതിയില്‍ സ്വീപ്പര്‍ ആണ്. അമ്മിണിയുടെ മൂത്തസഹോദരന്‍ കുട്ടിയുടെ മകനാണ് രാജന്‍. അമ്മിണി രാത്രി അയല്‍പക്കത്തെ വീട്ടില്‍ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോകാറുണ്ട്. അപ്പോള്‍ രാജന്‍ ഒറ്റയ്ക്കാവും ഉണ്ടാവുക. ഇയാള്‍ അമ്മിണിക്കൊപ്പം താമസിക്കുന്നതില്‍ പ്രതി അനിക്ക് വിരോധം ഉണ്ടായിരുന്നു. ഇക്കാരണത്താലാണ് 10ന് രാത്രി രാജനെ കുത്തിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയത്. 10 ന് രാത്രിയും പതിവു പോലെ അമ്മിണി അയല്‍പക്കത്തെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോയി. പിറ്റേന്ന് രാവിലെ ആറുമണിയോടെ തിരികെയെത്തി കടുംകാപ്പി ഇട്ടു രാജന് കൊടുക്കാന്‍ വേണ്ടി കിടപ്പുമുറിയില്‍ കയറുമ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. തൊട്ടടുത്ത് താമസിക്കുന്ന അനി വീട്ടുമുറ്റത്ത് നില്‍പ്പുണ്ടായിരുന്നു.

അമ്മിണിയെ കണ്ടതും ഇയാള്‍ ഓടി വീട്ടിനുള്ളില്‍ കയറി. തുടര്‍ന്ന് ഇവര്‍ പിന്നാലെയെത്തി വീട്ടില്‍ കയറി. വീട്ടിനുള്ളില്‍ രക്തക്കറ കണ്ട് അനിയോട് കാര്യം തിരക്കി. രാജനുമായി രാത്രി വഴക്കുണ്ടാക്കിയതായും മറ്റും പറഞ്ഞശേഷം ഇയാള്‍ പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് അമ്മിണി കൂടല്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ഇവരുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അനി സ്ഥിരമായി രാജനുമായും അമ്മിണിയുമായും വഴക്കിടാറുണ്ടായിരുന്നു എന്ന് മൊഴിയില്‍ പറയുന്നു. രാജനെ ഒപ്പം താമസിപ്പിക്കുന്നതിന്റെ പേരില്‍ മദ്യപിച്ച് വന്നാണ് വഴക്കിടാറുള്ളത്. അസഭ്യം വിളിയും പതിവാണ്. രാജന്‍ അവിവാഹിതനാണ്. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. ഒരുമിച്ച് വീട്ടില്‍ വച്ച് മദ്യപിക്കുകയും കശപിശയുണ്ടാവുകയും ചെയ്യാറുണ്ട്.


10 നും ഇരുവരും പ്രതിയുടെ വീട്ടില്‍ വച്ച് ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെ, പ്രതി മൂര്‍ച്ചയുള്ള ആയുധം എടുത്ത് രാജന്റെ വയറിന്റെ ഇടതുഭാഗത്ത് കുത്തി. മദ്യലഹരിയിലായിരുന്ന രാജന്‍ വീട്ടില്‍ പോയി കിടക്കുകയായിരുന്നു. അവിടെ കിടന്ന് രക്തം വാര്‍ന്നാണ് മരണപ്പെട്ടത്. സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി എസ്. അജയ്നാഥിന്റെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ വ്യാപകമായ തെരച്ചിലില്‍ പ്രതിയെ ഉടനടി പിടികൂടി. പോലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍ സുധീര്‍ കേസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

Similar News