ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്ന്; രാസപരിശോധന നടത്തിയത് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടര്‍ന്നെന്ന് ഫോറന്‍സിക് വിഭാഗം മുന്‍സര്‍ജന്‍
റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍, പ്രതി പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ.പ്രസന്നനാണ് കോടതിയില്‍ ഈ മൊഴി നല്‍കിയത്. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ഡോ.കെ. പ്രസന്നന്റെ മൊഴി.
റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടര്‍ന്നാണ് രാസപരിശോധന നടത്തിയത് എന്നാണ് ഡോക്ടര്‍ പ്രസന്നന്‍ കോഴിക്കോട് പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. സാക്ഷിപട്ടികയില്‍ 123 ാമതായാണ് ഡോ.കെ.പ്രസന്നനെ ഉള്‍പ്പെടുത്തിയിരുന്നത്.
കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയ നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി കഴിഞ്ഞ മാസം അനുവദിച്ചിരുന്നു. കൊലക്കേസില്‍ പ്രതിയായ ഭാര്യ ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ലാല്‍ മുഖേന നല്‍കിയ ഹര്‍ജിയാണ് കഴിഞ്ഞ മാസം അവസാനം അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹര്‍ജി എതിര്‍ ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാലാണ് തീര്‍പ്പാക്കിയത്.
കൂടത്തായിയില്‍ 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്(40), റോയിയുടെ മാതാപിതാക്കളായ റിട്ട. അധ്യാപിക പൊന്നാമറ്റം അന്നമ്മ(60), റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ് (66), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍(68), ടോം തോമസിന്റെ സഹോദരപുത്രനും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44), മകള്‍ ആല്‍ഫൈന്‍(2) എന്നിവരെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്.