കോഴിക്കോട് കാല്‍വഴുതി ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി; ദാരുണാന്ത്യം സംഭവിച്ചത് കളത്തുംപൊയില്‍ ശശിക്ക്; മൃതദേഹം കണ്ടെത്തിയത് പത്ത് മണിക്കൂറിലേറെ നീണ്ട തിരിച്ചലിന് ഒടുവില്‍
കോഴിക്കോട് കാല്‍വഴുതി ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കനത്ത മഴയില്‍ ഓവുചാലിലെ ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം കോവൂര്‍-പാലാഴി എം.എല്‍.എ റോഡില്‍ മണലേരിത്താഴം കളത്തുംപൊയില്‍ ശശി(58)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്ത് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല.
ഇദ്ദേഹത്തിന് വേണ്ടി മെഡിക്കല്‍ കോളജ് പൊലീസും അഗ്‌നിരക്ഷാ സേനയും രാവിലെയും തിരച്ചില്‍ നടത്തിയതോടെ കനാലില്‍ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായ സ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ മാറി പാലാഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശശ ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷകളാണ് ഇതോടെ അസ്ഥാനത്തായത്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കാണാതായത്. കല്‍പണി തൊഴിലാളിയായ ശശി വീടിനുസമീപത്തെ ബസ് സ്റ്റോപ്പില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു. കനത്ത മഴയുടെ ശക്തി കുറഞ്ഞതിനെതുടര്‍ന്ന് എഴുന്നേറ്റ് വീട്ടിലേക്ക് പോകാനൊരുങ്ങവേ കാല്‍ വഴുതി ഓവുചാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്. ശക്തമായ മഴയില്‍ ഓവുചാല്‍ നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു.
ഒഴുക്കില്‍പെട്ട ശശിയെ രക്ഷിക്കാന്‍ സുഹൃത്ത് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശബ്ദംവെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. കോവൂര്‍, മെഡിക്കല്‍ കോളജ് ഭാഗങ്ങളിലെ വെള്ളം ഒഴുകിയെത്തുന്നത് ഈ ഓവുചാലിലൂടെയാണ്. ഒരാളേക്കാള്‍ ആഴമുള്ള ഓവുചാലിലിറങ്ങിയാണ് അഗ്‌നിരക്ഷസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയത്. പാലാഴി മാമ്പുഴയിലാണ് ഓവുചാല്‍ പതിക്കുന്നത്.