കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവര്‍ ബസിനുള്ളില്‍ കുടുങ്ങി; പുറത്തെടുത്തത് ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം; സംഭവത്തില്‍ 22 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ കാട്ടാക്കടയില്‍ നിന്ന് നെയ്യാര്‍ ഡാമിലേക്ക് പോകുന്ന ഓര്‍ഡിനറി ബസ്സും ഡാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും തമ്മിലായിരുന്നു അപകടം. ഓവര്‍ടേക്ക് ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അപകടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ വിജയകുമാര്‍ ബസിനുള്ളില്‍ കുടുങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ്, അഗ്നിരക്ഷാസേനാ സംഘം എന്നിവര്‍ ചേര്‍ന്ന് ഏകദേശം ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് വിജയകുമാറിനെ സുരക്ഷിതമായി പുറത്തെടുക്കാന്‍ സാധിച്ചത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള മണിയറവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ വലിയൊരു വിഭാഗവും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റവരാരുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസ് നടപടി സ്വീകരിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.