മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; കോടതി ഉത്തരവുകള്‍ മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ വരെ ഇനി മലയാളത്തില്‍; ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കും

മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Update: 2026-03-04 10:59 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം ഭരണഭാഷയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ ബില്‍ 2025-ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകാരം നല്‍കി. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ മലയാളം ഔദ്യോഗിക ഭാഷയാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് മലയാള ഭാഷ സാര്‍വത്രികമാക്കാനും എല്ലാ തലങ്ങളിലും നിര്‍ബന്ധമാക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാനമായൊരു നീക്കമാണിത്.

കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 പ്രകാരം നിലവിലുള്ള ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളെന്ന സ്ഥിതിക്ക് പകരം, ഒരു സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ മുഖ്യ ലക്ഷ്യം. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കുക, സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി ഉള്‍പ്പെടുത്തുക, കോടതിഭാഷയും സര്‍ക്കാര്‍ ഉത്തരവുകളും മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നിവയാണ് ബില്ലിലെ സുപ്രധാന നിര്‍ദേശങ്ങള്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലും ഈ വ്യവസ്ഥകള്‍ നടപ്പിലാക്കും.

വിവിധ തലങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഈ ബില്‍ തയ്യാറാക്കിയത്. നേരത്തെ, സാംസ്‌കാരിക നായകര്‍ മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ മുന്‍പ് പാസാക്കിയ സമാനമായൊരു ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നത് ശ്രദ്ധേയമാണ്. ബില്ലിന്റെ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നെങ്കിലും കേരളം അത് തള്ളിക്കളഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ബില്ലെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധരാമയ്യക്ക് മറുപടി നല്‍കി. അതേസമയം, കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ ബില്‍ ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് സിദ്ധരാമയ്യയുടെ വിമര്‍ശനങ്ങളെ പിന്തുണച്ചിരുന്നു.

Tags:    

Similar News