ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരം: കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ചിറ്റൂർ: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറും കൊല്ലങ്കോട് സ്വദേശിയുമായ സന്തോഷ് ബാബുവിനെതിരെയാണ് പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) സി.യു. മുജീബ് നടപടിയെടുത്തത്. ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പുറമെ, ഡ്രൈവറെ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനായി എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലേക്ക് അയക്കാനും ഉത്തരവിട്ടു.
ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് ഓടിക്കുന്നതിനിടെ സന്തോഷ് ബാബു മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് വിഷയത്തിൽ ഇടപെട്ടത്.
തുടർന്ന്, ഏഴു ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് ചിറ്റൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു ജോർജ് ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോ മാനേജർക്ക് കത്ത് നൽകി. ഇതനുസരിച്ച് കഴിഞ്ഞ ദിവസം സന്തോഷ് ബാബു ചിറ്റൂർ ആർടിഒ ഓഫീസിൽ ഹാജരാവുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആർടിഒയുടെ അച്ചടക്കനടപടി. പ്രതിപക്ഷാനുകൂല സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് സന്തോഷ് ബാബു.