സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; സിസിടിവി യിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസിനെ കസ്റ്റ‍ിയിലെടുത്ത് പോലീസ്; മലപ്പുറത്ത് നടന്നത്

Update: 2025-02-22 12:09 GMT

മലപ്പുറം: എടപ്പാളില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെ പോയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് ചങ്ങരംകുളം സിഐ ഷൈനിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ ഡിപ്പോയിലെത്തിയാണ് പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തത്.

കുറ്റിപ്പുറം -തൃശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ കണ്ണഞ്ചിറ ഇറക്കത്തില്‍ വെച്ചാണ് യാത്രക്കാരനെ ഇടിച്ചിട്ടത്. ഫെബ്രുവരി 10 ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കുഞ്ഞാലി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോവുകയാണുണ്ടായത്.

സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് ആണ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കുഞ്ഞാലിയെ ഇടിച്ചിട്ട ബസ് കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞാലി (70) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരവസ്ഥയില്‍ ഇപ്പോഴും തുടരുകയാണ്.

Tags:    

Similar News