ഡീസൽ തീർന്ന് കെഎസ്‌ആർടിസി 'മിന്നൽ'; ക്രിസ്‌മസ് ദിനത്തിൽ യാത്രക്കാർ പെരുവഴിയിൽ കുടുങ്ങിയത് രണ്ടര മണിക്കൂറോളം
കോഴിക്കോട്: ക്രിസ്‌മസ് ദിനത്തിൽ ഡീസൽ തീർന്ന് കെഎസ്‌ആർടിസി ബസ് വഴിയിലായതോടെ യാത്രക്കാർ വഴിയിൽ കുടുങ്ങിയത് രണ്ടര മണിക്കൂറോളം. കെഎസ്‌ആർടിസി മിന്നൽ ബസ് കോഴിക്കോട് കാരശേരിയിലാണ് വഴിയിലായത്. റകുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ പെരുവഴിയിലായി.
തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഇന്നലെ രാത്രി 11 മണിയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. രാവിലെ ഏഴരയോടെ സുൽത്താൻ ബത്തേരിയിൽ എത്തേണ്ടിയിരുന്ന ബസ് പുറപ്പെടാനും വൈകിയിരുന്നു. ഇതിനിടെ രാവിലെ എട്ട് മണിയോടെ കാരശേരിയിൽ വെച്ച് ഡീസൽ തീർന്ന് യാത്ര മുടക്കുകയായിരുന്നു.
സംഭവത്തിൽ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചെങ്കിലും, പ്രശ്നം ഉടനടി പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. മറ്റ് വാഹനങ്ങളിൽ യാത്ര തുടരാൻ യാത്രക്കാർ തയ്യാറായില്ല. പിന്നീട്, തിരുവമ്പാടി ഡിപ്പോയിൽ നിന്ന് ഡീസൽ എത്തിച്ചശേഷമാണ് ബസിന് യാത്ര പുനരാരംഭിക്കാനായത്. ഇതോടെ, ലക്ഷ്യസ്ഥാനത്ത് എത്താൻ ബസിന് രണ്ടര മണിക്കൂറോളം വൈകി.