പുലർച്ചെ കാട്ടിൽ നിന്ന് ഒരു അനക്കം; പെട്ടെന്ന് ബൈക്കിന് മുന്നിൽ ചാടിയത് പുള്ളിപ്പുലി; യുവാവിനെ രക്ഷപ്പെടുത്തിയത് കാർ യാത്രികർ; ഞെട്ടിപ്പിക്കുന്ന സംഭവം പെരിന്തൽമണ്ണയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ റോഡിന് കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പട്ടിക്കാട് പാറക്കാതൊടി സ്വദേശി മുഹമ്മദ് ഫിയാസാണ് (24) പരിക്കേറ്റത്. പുലർച്ചെ 2:45-ന് പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം നടന്നത്.
പൂപ്പലത്തുള്ള ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഫിയാസ്. പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ വെച്ച് ഒരു കുറുക്കൻ റോഡ് മുറിച്ചുകടക്കുന്നത് കണ്ട് ബൈക്കിന്റെ വേഗത കുറച്ചതിന് തൊട്ടുപിന്നാലെയാണ് പൊന്തക്കാട്ടിൽ നിന്ന് പുള്ളിപ്പുലി അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിയത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും ഫിയാസ് റോഡിൽ വീഴുകയുമായിരുന്നു. ബൈക്കിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട് റോഡിൽ വീണ ഫിയാസിനെ രക്ഷിച്ചത് തൊട്ടുപിന്നാലെ കാറിൽ വന്ന യാത്രക്കാരാണ്. മൈസൂരുവിലേക്ക് വിനോദയാത്ര പോവുകയായിരുന്ന പൊന്നാനി സ്വദേശികൾ തുടർച്ചയായി ഹോൺ മുഴക്കി പുലിയെ ഓടിച്ച ശേഷമാണ് ഫിയാസിനെ സഹായിച്ചത്.
ഈ പ്രദേശത്തെ മണ്ണാർമല, മുള്ള്യാകുർശ്ശി തുടങ്ങിയ സ്ഥലങ്ങളിൽ മുൻപും പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനവാസ മേഖലയോട് ചേർന്ന റോഡിൽ പുലർച്ചെയുണ്ടായ ഈ സംഭവം, പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ആശങ്ക വർധിപ്പിക്കുന്നതാണ്.