മഴ ചാറി വന്നതും തുണിയെടുക്കാൻ പുറത്തിറങ്ങി; ഇടിമിന്നലേറ്റ് വയോധിക മരിച്ചു; സംഭവം എറണാകുളം അങ്കമാലിയിൽ
കൊച്ചി: എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. വേങ്ങൂർ സ്വദേശി വിജയമ്മ വേലായുനാണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു അപകടം. മഴയെ തുടർന്ന് തുണിയെടുക്കാൻ പുറത്തിറങ്ങവെ മിന്നലേൽക്കുകയായിരുന്നു. അങ്കമാലി മുനിസിപ്പൽ കൗൺസിലർ എ വി രഘുവിന്റെ അമ്മയാണ് വിജയമ്മ. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.