ഓട്ടോറിക്ഷയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കടത്താൻ ശ്രമം; 17 ലിറ്റര്‍ വരെ പിടിച്ചെടുത്തു; വലവിരിച്ച് എക്‌സൈസ്; നാലുപേരെ കൈയ്യോടെ പൊക്കി; സംഭവം കല്‍പ്പറ്റ ജനമൈത്രി ജങ്ഷനിൽ
കല്‍പ്പറ്റ: ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി നാലുപേർ എക്‌സൈസ് വലയിൽ കുടുങ്ങി. സംഘത്തില്‍ നിന്നും 34 ബോട്ടിലുകളില്‍ നിന്നായി 17 ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വൈത്തിരിക്കടുത്ത തളിമല സ്വദേശി വി യു ബൈജു (39), തളിമല സ്വദേശി എസ് റിലേഷ് (46), വൈത്തിരി സ്വദേശി കെ രാജേഷ് (50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി വി രഘു (50) എന്നിവരെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
കല്‍പ്പറ്റ ജനമൈത്രി ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പ്രതികള്‍ ഈ വഴിയെത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, പ്രിവന്‍റീവ് ഓഫീസര്‍ കെ എം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ബി അനീഷ്, അനന്തുമാധവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.