ഒന്‍പത് വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ച് ജാമ്യം നല്‍കല്‍; തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതി ആലുവ സ്വദേശി എം കെ നാസറിന് ജാമ്യം. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒന്‍പത് വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. നാസറുള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ക്ക് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കോടതി പറഞ്ഞിരുന്നു. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു കേസിലെ മുഖ്യപ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയത്.
കേസില്‍ എം കെ നാസര്‍, രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍, അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ് എന്നിവരെ ജീവപര്യന്തം തടവിനാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ചത്. ഒമ്പതാംപ്രതി ആലുവ കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കര മണ്ണാര്‍ക്കാട് വീട്ടില്‍ എം കെ നൗഷാദ്, പതിനൊന്നാംപ്രതി ആലുവ കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കര പുളിയത്ത് വീട്ടില്‍ പി പി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാംപ്രതി ആലുവ വെസ്റ്റ് തായിക്കാട്ടുകര പണിക്കരു വീട്ടില്‍ പി എം ആയൂബ് എന്നിവരെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു.
2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയത്. കോളേജിലെ രണ്ടാംസെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യക്കടലാസില്‍ പ്രവാചകനെ അവഹേളിക്കുന്നരീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഭീകരസംഘടനയില്‍ അംഗമായ എം.കെ. നാസറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ട്. ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നിയന്ത്രിച്ചിരുന്നത് നാസറാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈലുകളും സിമ്മുകളും ഒളിപ്പിച്ചത് ഇയാളാണെന്നും കോടതി കണ്ടെത്തിയിരുന്നു.
ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയച്ചു. 2015-നുശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ നടത്തിയത്. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോവുകയും ആദ്യഘട്ട വിചാരണയ്ക്കുശേഷം അറസ്റ്റിലാവുകയും ചെയ്ത പ്രതികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ആക്രമണം നടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിച്ചത്.
