കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ റോയിയുടെ മരണത്തില്‍ അന്വേഷണം വേണം; കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്: എം.വി ഗോവിന്ദന്‍

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ റോയിയുടെ മരണത്തില്‍ അന്വേഷണം വേണം

Update: 2026-01-31 10:04 GMT

കണ്ണൂര്‍: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം ദൗര്‍ഭാഗ്യകരമാണെന്നും ഈ കാര്യം അന്വേഷിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ക്ക് ഏറെ സുപരിചതനായ വ്യവസായിയാണ് റോയ്. അദ്ദേഹത്തിന്റെ മരണം റെയ്ഡിന്റെ മറവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനമാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ ആരോപിച്ചിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരിഹരിക്കാന്‍ കഴിയാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ റെയ്ഡിനു ശേഷവും ഉണ്ടായിരുന്നുള്ളു റോയി സ്വയം വെടിവെച്ചു മരിച്ചതിനു ശേഷം റെയ്ഡ് ഒന്നര മണിക്കൂര്‍ തുടര്‍ന്നു വെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നതെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തെയും രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്‍മാര്‍ ഇതേസമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ സി.ജെ. റോയ് (57) ഇന്നലെയാണ് മരിച്ചത്. മൂന്നു ദിവസമായി റോയിയുടെ ബംഗളൂരുവിലെ ഓഫിസിലും കഫെയിലും ആദായനികുതി (ഐ.ടി) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഐ.ടി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് റോയ് ഓഫിസിലെത്തിയത്.

ഒന്നര മണിക്കൂറോളം ഐ.ടി ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തതിനു പിന്നാലെ റോയി കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ എച്ച്.എസ്.ആര്‍ ലേ ഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.45ഓടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: ലിനി റോയ് (കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍). മക്കള്‍: രോഹിത്ത്, റിയ. സഹോദരങ്ങള്‍: സി.ജെ. ജോഷി, സി.ജെ. സാബു (വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് എം.ഡി).

ബംഗളൂരു അശോക് നഗറിലെ ഹൊസൂര്‍ റോഡിലെ ഓഫിസിലാണ് സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്തെത്തി. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഐ.ടി റെയ്ഡ് നടന്നത് എന്നാണ് സൂചന. റോയ് ചിരിയങ്കണ്ടത്ത് ജോസഫ് എന്ന സി.ജെ. റോയ് ബംഗളൂരുവിലാണ് ജനിച്ചു വളര്‍ന്നത്.

ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ ആഗോള സാങ്കേതിക രംഗത്തെ പ്രമുഖരായ ഹ്യൂലറ്റ്-പാക്കാര്‍ഡിനൊപ്പം റോയ് ജോലിചെയ്തിരുന്നു. 2006ലാണ് കോണ്‍ഫിഡന്റ് ഗ്രൂപ് സ്ഥാപിക്കുന്നത്. ക്രമേണ കമ്പനി ബംഗളൂരു, കൊച്ചി, മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍, ദുബൈ എന്നിവിടങ്ങളില്‍ പ്രധാന റിയല്‍ എസ്റ്റേറ്റ് ഡെവലപറായി വളര്‍ന്നു. തുടര്‍ന്ന് അദ്ദേഹം തന്റെ ബിസിനസ് ശൃംഖല ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസം, വിനോദം എന്നിവയിലേക്ക് വ്യാപിപ്പിച്ചു.

റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ് മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ് ബിഗ് ബോസ് കന്നടയുടെ പതിവ് പ്രധാന സ്‌പോണ്‍സറായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ ബിഗ് ബോസ് മലയാളത്തിലുമെത്തി. സിനിമ നിര്‍മാണരംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ സി.ജെ. റോയ് നിര്‍മിച്ചിട്ടുണ്ട്. കാസനോവ, മരക്കാര്‍ എന്നിവ ഇതില്‍പെടും.

Tags:    

Similar News