പൂട്ട് പൊളിച്ച് അകത്ത് കടന്ന് കവർന്നത് ലക്ഷങ്ങൾ വിലയുള്ള മെഷീനുകൾ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ പ്രതികളെ പൊക്കി വടക്കാഞ്ചേരി പോലീസ്
തൃശ്ശൂർ: അടച്ചിട്ട സ്വകാര്യ കമ്പനിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയുടെ യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നു പേർ പിടിയിൽ. തൃശൂർ സ്വദേശികളായ ടൊവിൻ വിൽസൺ, റമീസ് മജീദ്, സഞ്ജീവ് ഗോപാലകൃഷ്ണൻ എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ജൂണിൽ അത്താണി മിണാലൂരിലെ 'കെലാത്ത് സ്കഫോൾഡിംഗ്‌സ്' എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന യന്ത്രങ്ങൾ, അനുബന്ധ ഭാഗങ്ങൾ, ഡൈകൾ, ഇരുമ്പ് ഉൽപ്പന്നങ്ങൾ എന്നിവ കവർന്നു. ആളൊഴിഞ്ഞ പ്രദേശമായിരുന്നതിനാൽ മോഷ്ടിച്ച വസ്തുക്കളുമായി സംഘം വിദഗ്ധമായി രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താൻ പോലീസിന് സഹായകമായത്.
വടക്കാഞ്ചേരി എസ്.ഐ ഹരിഹരസോനു, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മോഷ്ടാക്കൾ വിറ്റഴിച്ച ആക്രി കടകളിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ അടിസ്ഥാനത്തിൽ മിണാലൂർ സ്വദേശികളായ ടൊവിൻ വിൽസൺ, റമീസ് മജീദ്, മുണ്ടത്തിക്കോട് സ്വദേശി സഞ്ജീവ് ഗോപാലകൃഷ്ണൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു.