'മാജിക് ഹോം' പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

'മാജിക് ഹോം' പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

Update: 2025-07-05 11:39 GMT

പുല്‍പ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണല്‍. ഡിഫറന്റ് ആര്‍ട്സ് സെന്ററിന്റെ 'മാജിക് ഹോം' പദ്ധതി പ്രകാരം വയനാട് പുല്‍പ്പള്ളി വേലിയമ്പത്ത് നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദ ഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രമുഖ കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു. താക്കോല്‍ദാന ചടങ്ങില്‍ പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, മെമ്പര്‍ ഡോ. ജോമറ്റ് കോതവഴിക്കല്‍, കാഴ്ചപരിമിതയും കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ആര്യപ്രകാശ്, ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പങ്കെടുത്തു. പടിഞ്ഞാറത്തറ സ്വദേശികളായ സൈജന്‍-ജോയ്സി ദമ്പതികളുടെ ബൗദ്ധിക പരിമിതവിഭാഗത്തില്‍പ്പെട്ട മക്കളാണ് നിസ്സാനും നിസ്സിയും.

സഹജീവികളോടുള്ള മനുഷ്യസ്നേഹത്തിന്റെ ഒരു നല്ല ഉദാഹരണമാണ് ഈ ചടങ്ങ്. സാധാരണ മനുഷ്യരെ പോലെ തന്നെയോ അതിനു മുകളിലോ അവരുടെ മേഖലയില്‍ മിടുക്കന്മാരും മിടുക്കികളുമാണ് ഈ കുഞ്ഞുങ്ങള്‍. ഈ ഭൂമിയുടെ എല്ലാ സൗന്ദര്യവും സൗകര്യവും അനുഭവിക്കുന്നതിന് അവരെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമ്മള്‍ക്കാണ് . ഗോപിനാഥ് മുതുകാട് അത്തരമൊരു ശ്രമമാണ് മാജിക് ഹോംസ് എന്ന സംരംഭത്തിലൂടെ കേരളമൊട്ടാകെ ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ നമുക്ക് കഴിയണമെന്ന് കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു

വര്‍ഷങ്ങളോളം ഒരു ഷെഡില്‍ പരിമിതികളോടു മല്ലിട്ട് ജീവിച്ച ഈ കുടുംബത്തിന് 'മാജിക് ഹോം' പദ്ധതിയിലൂടെ ലഭിച്ച ഈ വീട് ഒരു സ്വപ്നസാക്ഷാത്കാരമാണ്. 'കുഞ്ഞുങ്ങള്‍ക്ക് സ്വന്തമായൊരു വീട് എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് സഫലമായതില്‍ സന്തോഷം അടക്കാനാവുന്നില്ല,' ജോയ്സി പറഞ്ഞു. വേലിയമ്പം സ്വദേശിയായ കുര്യാക്കോസ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതോടെയാണ് ഈ സ്‌നേഹഭവനത്തിന്റെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമായത്.

ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്ന്, ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കുടുംബമായാണ് നിസ്സാനിന്റെയും നിസ്സിയുടെയും കുടുംബത്തെ തിരഞ്ഞെടുത്തത്. പുല്‍പ്പള്ളിയിലെ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന ഈ കുട്ടികള്‍ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാനും കളിക്കാനും സാധിക്കും. 600 ചതുരശ്ര അടിയില്‍ ഭിന്നശേഷി സൗഹൃദമായാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളുടെ പ്രത്യേക ആവശ്യകതകള്‍ മനസ്സിലാക്കി, ജൂഡ് കണ്‍സ്ട്രക്ഷന്‍സിന്റെ നേതൃത്വത്തില്‍ സിംസണ്‍ ചീനിക്കുഴിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

മാജിക് ഹോം: ഒരു മാതൃകാപരമായ മുന്നേറ്റം ഡിഫറന്റ് ആര്‍ട്സ് സെന്ററിന്റെ MAGIK Homes - Making Accessible Gateways for Inclusive Kerala എന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണിത്. ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് പദ്ധതിയിലൂടെ നിര്‍മ്മിച്ചു കൈമാറുന്നത്. ഈ വീടുകള്‍ ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറി. വയനാട്ടിലെ ഈ വീട്, ഈ മഹത്തായ പദ്ധതിയുടെ നാലാമത്തെ വീടാണ്.

'മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഈ ഭിന്നശേഷി സൗഹൃദ വീടുകള്‍, സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ പ്രചോദനമാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം,' പദ്ധതിയുടെ സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് ചടങ്ങില്‍ പറഞ്ഞു. അനേകം പേരുടെ സ്‌നേഹവും സഹകരണവും കൊണ്ട് യാഥാര്‍ത്ഥ്യമായ ഈ വീട്, നിസ്സാനും നിസ്സിക്കും മാത്രമല്ല, സമാനമായ സാഹചര്യങ്ങളിലുള്ള നിരവധി കുടുംബങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്ന ഒന്നായി മാറും.

Tags:    

Similar News