ഹൃദയാഘാതം മൂലം അന്ത്യം; സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കരഞ്ഞ് തളർന്ന് ബന്ധുക്കൾ
റിയാദ്/കൊച്ചി: സൗദി അറേബ്യയിലെ ജിസാനിൽ ഹൃദയാഘാതം മൂലം അന്തരിച്ച ചെങ്ങന്നൂർ സ്വദേശി കെ.എസ്. മുരളീധരന്റെ (60) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം 20-നാണ് മുരളീധരൻ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച രാവിലെ പെരിങ്ങിലിപ്പുറത്തെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ജിസാൻ ഫിഷ് മാർക്കറ്റിന് സമീപത്തെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ മുരളീധരനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 30 വർഷമായി ജിസാനിൽ ജോലി ചെയ്തുവന്ന അദ്ദേഹം, ആറ് വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. റിയാദ് ആസ്ഥാനമായ അൽദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാൻ ശാഖയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ജോലി ആവശ്യങ്ങൾക്കായി ജിസാനിൽ തുടരുന്നതിനിടെ ഭാര്യ അജി പലതവണ സന്ദർശക വിസയിൽ ഇവിടെയെത്തിയിരുന്നു.
ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ഹണി വില്ലയിൽ താമസിച്ചിരുന്ന മുരളീധരൻ, ശ്രീധരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ അജി മുരളി. അമൽ മുരളി (ബഹ്‌റൈൻ), അമൃത് മുരളി, അമർ മുരളി എന്നിവരാണ് മക്കൾ.
പ്രവാസി സംഘടനയായ ‘ജല’യുടെ സജീവ ഇടപെടലിലൂടെയാണ് മൃതദേഹം റിയാദ് വഴി കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാമിങ് നടപടികൾക്കായി അബൂഅരീഷ് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗം താഹ കൊല്ലേത്ത് നേതൃത്വം നൽകി. ‘ജല’ ജനറൽ സെക്രട്ടറി സലാം കൂട്ടായി നടപടികൾ ഏകോപിപ്പിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, ഭാരവാഹികളായ ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, സമീർ പരപ്പനങ്ങാടി തുടങ്ങിയവരും ഈ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു. കൂടാതെ, സംസ്ഥാന മന്ത്രി സജി ചെറിയാൻ മുരളീധരന്റെ വീട് സന്ദർശിക്കുകയും നോർക്ക വഴിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഇടപെടുകയും ചെയ്തിരുന്നു.
