നാട്ടിലേക്ക് മടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; സന്ദർശക വിസയിൽ സൗദിയിൽ എത്തിയ മലയാളി വീട്ടമ്മ മരിച്ചു; ബോധം പോയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
റിയാദ്: സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ചത്.
കഴിഞ്ഞ 11 മാസമായി ഭർത്താവ് പ്രസാദ് ജനാർദ്ദനനോടൊപ്പം ജുബൈലിൽ താമസിച്ചുവരികയായിരുന്നു മഞ്ജു. സന്ദർശക വിസയുടെ കാലാവധി പൂർത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇവർ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടൻതന്നെ റെഡ് ക്രസൻ്റ് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ജുബൈലിൽ ജോലി ചെയ്യുന്ന പ്രസാദ് ജനാർദ്ദനനാണ് മഞ്ജുവിന്റെ ഭർത്താവ്. അഞ്ജലി മകളാണ്. ചെല്ലപ്പൻ നാരായണൻ, പുഷ്പവല്ലി ജാനകി എന്നിവർ മാതാപിതാക്കളും മനോജ് കുമാർ സഹോദരനുമാണ്.
നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമസഹായങ്ങൾ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.