തൃശൂരില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; മൈക്രോഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് കുടുംബം: ആറു ലക്ഷം രൂപ ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി
യുവാവ് ജീവനൊടുക്കിയത് മൈക്രോഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് കുടുംബം
തൃശൂര്‍: തൃശൂരില്‍ യുവാവ് ജീവനൊടുക്കിയത് മൈക്രോഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നെന്ന് പരാതി. തൃശൂര്‍ വിയ്യൂര്‍ സ്വദേശി രതീഷ് (42) ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. രതീഷ് ഓട്ടോ വാങ്ങുന്നതിനായി മൈക്രോ ഫിനാന്‍സില്‍ നിന്നും എട്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയായി. വീട്ടില്‍ നേരിട്ടെത്തിയും ഫോണിലൂടെയും രതീഷിനെ ഫിനാന്‍സ് സംഘം ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതേ തുടര്‍ന്നാണ് രതീഷ് ജീവനൊടുക്കിയതെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.
എട്ടുലക്ഷം രൂപയാണ് രതീഷ് മൈക്രോഫിനാന്‍സ് സംഘത്തില്‍നിന്ന് വായ്പയെടുത്തിരുന്നത്. ഇതില്‍ 6 ലക്ഷം രൂപ ഉടന്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് രതീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കടത്തെക്കുറിച്ച് ബന്ധുക്കളോട് രതീഷ് പറഞ്ഞിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ സംഘം നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുടെ തിരിച്ചടവും മുടങ്ങിയതോടെ വാഹനത്തിന്റെ ടെസ്റ്റും നടത്താനാകാത്ത സാഹചര്യമുണ്ടായി. കൂടാതെ നിയമം ലംഘിച്ചതിന് പൊലീസ് രതീഷിന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.