തൊട്ട് അടുത്തുള്ള പൊട്ടക്കിണറ്റിൽ നിന്ന് മൂക്കിൽ തുളച്ചുകയറിയ ദുർഗന്ധം; സ്മെൽ സഹിക്കാൻ കഴിയാതെ വന്നതോടെ പരിശോധന; പിന്നാലെ ദാരുണ കാഴ്ച; യുവാവ് മരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര അവണൂരിൽ വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ വെൽഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. രണ്ടാഴ്ചയായി കാണാതായ ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഇന്നലെ രാത്രിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊല്ലം സ്വദേശിയായ വിഷ്ണുലാൽ കഴിഞ്ഞ മൂന്ന് വർഷമായി അവണൂരിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ. തുടർന്ന്, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.