ശബരിമലയിൽ നാളെ മണ്ഡലപൂജ 11.57 മുതൽ പന്ത്രണ്ടര വരെ; വൈകിട്ട് 7 മുതൽ പമ്പയിൽ നിന്നും ഭക്തർക്ക് പ്രവേശനമില്ല
പത്തനംതിട്ട: കേരള ഹൈക്കോടതിയുടെ ഡിസംബർ 19 ലെ ഉത്തരവുപ്രകാരം ഇന്നത്തെയും നാളത്തെയും വെർച്ചൽ ക്യൂ ബുക്കിങ്ങും സ്പോട്ട് ബുക്കിങ്ങും വെട്ടിക്കുറച്ചിരുന്നു. ഇത് പ്രകാരം നാളെ അറുപതിനായിരം അയ്യപ്പഭക്തർക്ക് ആണ് വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെ ദർശനം നടത്താൻ ആവുക. സ്പോട് ബുക്കിങ്ങിലൂടെ അയ്യായിരം പേർക്കും. നാളെ വൈകിട്ട് 7 മണിക്ക് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കുന്നില്ല.
നാളെ പതിവുപോലെ പുലർച്ചെ 3:00 മണിക്ക് നട തുറന്നശേഷം, 3.05 ന് നിർമാല്യം, 3.15 ഗണപതി ഹോമം, 3.25 മുതൽ 11 വരെ നെയ്യഭിഷേകം എന്നിങ്ങനെ ചടങ്ങുകൾ നടക്കും. രാവിലെ 11.57 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സവിശേഷമായ മണ്ഡല പൂജ നടക്കുക. മണ്ഡലപൂജ കഴിഞ്ഞു 1 മണിക്ക് നടയടയ്ക്കും, വീണ്ടും 3 മണിക്ക് നടതുറന്ന് ആറരയ്ക്ക് ദീപാരാധനയും, രാത്രി 9.50 ന് ഹരിവരാസനം ചൊല്ലി 10 ന് നട അടയ്ക്കുന്നതുമാണ്. തുടർന്ന്, മകരവിളക്ക് ഉത്സവത്തിനായി ഈമാസം 30 ന് വൈകിട്ട് 5 മണിക്ക് നട തുറക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു.