ജനാധിപത്യ വിരുദ്ധമായ അടിച്ചമര്‍ത്തലുകളുടെ ഇരകളായി കുട്ടികളെ മാറ്റാന്‍ പാടില്ല; ബാലാവകാശ സാക്ഷരത സമൂഹത്തില്‍ അനിവാര്യം : മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: കുടുംബങ്ങള്‍ക്കകത്തും സമൂഹത്തിലും കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ബാലാവകാശ സാക്ഷരത അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ബാലാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ക്ക് കുട്ടികള്‍ വിധേയമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാലസൗഹൃദ രക്ഷാകര്‍തൃത്വം ഏകദിന പരിശീലനത്തിന്റെ സമാപന സമ്മേളനം ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക വികാസത്തിനനുസരിച്ച് കേരളത്തില്‍ കുടുംബഘടന, ബന്ധം, കുട്ടികളോടുള്ള സമീപനം എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ കുട്ടികളുടെ അഭിപ്രായവും ആരായുന്ന ജനാധിപത്യ സമീപനം ആവശ്യമാണ്. ജനാധിപത്യ വിരുദ്ധമായ അടിച്ചമര്‍ത്തലുകളുടെ ഇരകളായി കുട്ടികളെ മാറ്റാന്‍ പാടില്ല. കുട്ടികളെ വളര്‍ത്തുകയല്ല, വളരാനുള്ള സാഹചര്യമാണ് മാതാപിതാക്കള്‍ ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം എന്‍.സുനന്ദ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി.രമേഷ് ആശംസയും അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ സ്വാതി എസ് നന്ദി അര്‍പ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി കമ്മിഷന്‍ സംഘടിപ്പിച്ചത്. ഉത്തരവാദിത്തപൂര്‍ണ രക്ഷാകര്‍തൃത്വം, കുട്ടികളുടെ അവകാശങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എഫ്. വില്‍സണും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ.അരുണ്‍ ബി.നായരും ക്ലാസുകള്‍ നയിച്ചു.
കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനും കുട്ടികള്‍ക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണമായിരുന്നു പരിശീലന ലക്ഷ്യം. ജില്ലാതലത്തില്‍ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കി 2750 പേരുടെ റിസോഴ്‌സ് പേഴ്‌സണ്‍ പൂള്‍ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കുടുംബശ്രീയുടെ 150 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ദ്വിദിന പരിശീലനം നല്‍കി സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍ പൂള്‍ രൂപീകരിച്ചിരുന്നു.