റോഡിലൂടെ നടക്കവേ ഇടിച്ചിട്ടു; തെന്നിവീണതും ശരീരത്തിലൂടെ കയറ്റി ഇറക്കി; മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; ഒരാളെ കസ്റ്റഡിയിലെടുത്തു

Update: 2025-03-20 11:34 GMT
റോഡിലൂടെ നടക്കവേ ഇടിച്ചിട്ടു; തെന്നിവീണതും ശരീരത്തിലൂടെ കയറ്റി ഇറക്കി; മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; ഒരാളെ കസ്റ്റഡിയിലെടുത്തു
  • whatsapp icon

മലപ്പുറം: ഗുഡ്സ് ഓട്ടോ ഇടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകം എന്ന് സംശയം. കിഴിശ്ശേരിയിൽ മഞ്ചേരി റോഡിലാണ് സംഭവം നടന്നത്. കിഴിശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയായ യുവാവിനെ ഗുഡ്‌സ് ഓട്ടോകൊണ്ട് ഇടിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

കേസില്‍ അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിൽ എടുത്തു. അസം സ്വദേശി അഹദുൽ ഇസ്ലാം (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം നടന്നത്.

രാത്രി ബന്ധുവുമായി നടന്നുപോവുകയായിരുന്നു മരിച്ച അഹദുൽ ഇസ്ലാം. ഇടിയേറ്റ് റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ വീണ്ടും ഓട്ടോ കയറ്റി ഇറക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. നിർമാണത്തൊഴിലാളിയാണ് മരിച്ച അഹദുൽ ഇസ്ലാം.

പതിനഞ്ച് വർഷമായി പ്രദേശത്ത് താമസിക്കുന്നയാളാണ് പ്രതി ഗുൽസാർ ഹുസൈൻ. ഇരുവരും തമ്മിൽ ചീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്നാണ് അഹദുൽ ഇസ്ലാമിനെ ഗുഡ്സ് ഓട്ടോ ഇടിച്ചത്.

Tags:    

Similar News