രണ്ട് പേർക്ക് കാഴ്ച നൽകി എം.എൻ. സരോജിനിയമ്മ വിടവാങ്ങി; മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് ദാനം ചെയ്തു
പെരുമ്പാവൂർ: മരണാന്തരവും സഹജീവികൾക്ക് ഉപകാരപ്രദമാകാം എന്നുള്ളത് മനുഷ്യ ശരീരത്തിനുള്ള പ്രത്യേകതയാണ്. അവയവദാനത്തിലൂടെ മറ്റുള്ളവരെയും ജീവിത്തിലേക്ക് കൈപിടിച്ച് കയറ്റാൻ മനുഷ്യനാവും. എന്നാൽ ഈ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നത് വളരെ ചുരുക്കം മനുഷ്യർ മാത്രമാണ്. മരണ ശേഷമുള്ള അവയവദാനത്തിലൂടെ രണ്ട് പേർക്ക് പുതുജീവന്റെ തുടിപ്പ് നൽകിയിരിക്കുകയാണ് എം.എൻ. സരോജിനിയമ്മ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അശമന്നൂർ മുൻ പഞ്ചായത്ത് പ്രസിഡൻറ് കൂടിയായിരുന്ന ചെറുകുന്നം കാരിയത്തുവീട്ടിൽ എം.എൻ. സരോജിനിയമ്മ (84) അന്തരിച്ചത്.
സരോജിനിയമ്മയുടെ ആഗ്രഹപ്രകാരം വീട്ടുകാർ മൃതദേഹം മെഡിക്കൽ കോളേജിനായി ദാനം നൽകി. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും കൈമാറി. സരോജിനിയമ്മയുടെ കണ്ണുകൾ രണ്ട് പേർക്ക് കാഴ്ച നൽകും. കേരള സർക്കാർ ജീവനക്കാരിയായി വിരമിച്ചതിന് ശേഷമാണ് അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനം ഏൽക്കുകയായിരുന്നു പരേതയായ സരോജിനിയമ്മ. ഇടതുപക്ഷ സഹയാത്രികയായിരുന്നു. നാലു പതിറ്റാണ്ടു മുമ്പ് വന്ന കാൻസറിനെപ്പോലും അതിജീവിച്ചാണ് വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയരംഗത്തും അവർ നിലനിന്നതും മുന്നേറിയതും. ആരോഗ്യവകുപ്പിൽ ജില്ലാ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ കൂടിയായിരുന്നു. സി.പി.എം. ഓടയ്ക്കാലി ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മേതല പടിഞ്ഞാശ്ശേരി കുടുംബാംഗമാണ്.
ഭർത്താവ്: പി.എൻ. നാരായണൻ നായർ (റിട്ട. ജില്ലാ ഹെൽത്ത് എജുക്കേഷൻ ഓഫീസർ), മക്കൾ: കെ.എൻ. അനിത, അഡ്വ. കെ.എൻ. അനിൽ കുമാർ (കേരള ബാർ കൗൺസിൽ മുൻ ചെയർ മാൻ, കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന പ്ര സിഡൻറ്), ഡോ. പി.എൻ. അജിത. മരുമക്കൾ: ടി.പി. രാമചന്ദ്രൻ (മുൻ എൻജി മ നീയർ, ടെൽക്ക്, അങ്കമാലി), ബി. സുജ (അസോ. പ്രൊഫസർ, ഐ.എം.ജി, കൊച്ചി സെൻറർ), ഡോ. ആനന്ദ് ചെറിയാൻ (ചോലയിൽ പോളി ക്ലിനിക്, കരിങ്കല്ലത്താണി, പെരുന്തൽമണ്ണ).