ആര്‍.എസ്.എസ് ഹിന്ദുമഹാമണ്ഡലത്തെക്കാള്‍ ഇളയത്; ഭാരതത്തിന്റെ ജീവന്‍ സനാതനം, അതില്‍ ദേശ -കാല മാറ്റങ്ങള്‍ ഇല്ല: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്

ആര്‍.എസ്.എസ് ഹിന്ദുമഹാമണ്ഡലത്തെക്കാള്‍ ഇളയത്

Update: 2025-02-05 15:01 GMT

ചെറുകോല്‍പ്പുഴ: 113 വര്‍ഷം മുന്‍പ് ഹിന്ദു ഐക്യത്തിന് വേണ്ടി രൂപീകരിച്ച് പ്രവര്‍ത്തനം തുടരുന്ന ഹിന്ദു മതമഹാമണ്ഡലത്തിന് മുന്‍പില്‍ 100 വര്‍ഷം മുന്‍പ് മാത്രം രൂപീകരിച്ച ആര്‍.എസ്.എസിനെ പ്രതിനിധീകരിക്കുന്ന താന്‍ എളിയവനായാണ് നില്‍ക്കുന്നതെന്ന് ആര്‍.എസ്.എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭഗവത്. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ നാലാം ദിവസത്തില്‍ നടന്ന ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മ വിസ്മൃതിയില്‍ നിന്നും മുക്തരായി ഹിന്ദു സമുഹത്തില്‍ ഐക്യം ഉണ്ടാകണം. ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിലൂടെ ലോകത്തിന് നന്മയുണ്ടാകും. ഹിന്ദുസമൂഹത്തിന് ലഭിക്കുന്ന ജ്ഞാനം ലോകനന്മയ്ക്കായും ധനം ദാനത്തിനായും ശക്തി ദുര്‍ബ്ബലന്റെ രക്ഷയ്ക്കായും ഉപയോഗിക്കപ്പെടും. ഹിന്ദു എന്നത് ഒരു സ്വഭാവത്തിന്റെ പേരാണ്. ധര്‍മ്മമാണ്. ഹിന്ദുവിന്റെ പ്രാണനായി വര്‍ത്തിക്കുന്നത്. മതത്തിന്റെ പേരില്‍ ലോകത്ത് കലഹങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ നാം മുന്നോട്ട് വയ്ക്കുന്നത് ഏകതയാണ്. നമുക്ക് ഈശ്വരന്റെ പേരില്‍ തര്‍ക്കമില്ല. എല്ലാറ്റിലും ഈശ്വരനെ കാണുന്നതാണ് ഹിന്ദുധര്‍മ്മത്തിന്റെ പ്രത്യേകത.

സ്വജീവിതത്തിലും കുടുംബത്തിലും സമുഹത്തിലും ധര്‍മ്മം ആചരിക്കണം. സമൂഹത്തില്‍ ഇതര വിഭാഗങ്ങളെയും ചേര്‍ത്ത് പിടിക്കണം. അവരുടെ വിശേഷദിനങ്ങള്‍ നമ്മുടെതും ആകണം. നമ്മുടെ പൂര്‍വികര്‍ വൃക്ഷങ്ങളെയും പര്‍വതങ്ങളെയും ജലത്തെയും നാഗങ്ങളെയുമെല്ലാം ആരാധിച്ചിരുന്നു. പരിസ്ഥിതിയില്‍ ഈശ്വരചൈതന്യം ഉള്ളതിനാല്‍ ഹിന്ദു ധര്‍മ്മത്തില്‍ പരിസ്ഥിതി സംരക്ഷണം ഏറെ പ്രധാനമാണ്. പ്ലാസ്റ്റിക്ക് ഹിന്ദു ഭവനങ്ങളില്‍ ഉപേക്ഷിക്കണം. ശ്രീനാരായണ ഗുരു ഭേദഭാവം വെടിയാനാണ് സമൂഹത്തോട് പറഞ്ഞത്. വസുധൈവ കുടുംബകം എന്ന കാഴ്ച്ചപ്പാടാണ് ശ്രീനാരായണ ഗുരുവും മുന്നോട്ട് വച്ചത്. കേരളത്തിന് ഭീഷണിയാകുന്ന മയക്ക് മരുന്നിന്റെ വ്യാപനം കണ്ടില്ലെന്ന് നടിക്കരുത്.

സമൂഹത്തെ നയിക്കുന്നവരുടെ ദിശ നാടിന്റെ പുരോഗതിക്ക് നിദാനമാകുമെന്നും നാട്, വ്യക്തി ഇവര്‍ എങ്ങോട്ട് പോകണം എന്നത് ഇതിലൂടെ തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനവും ധനവും മറ്റുള്ളവരുടെ നന്മയക്കായി വിനിയോഗിക്കപ്പെടുമ്പോഴാണ് ഏകത രൂപപ്പെടുന്നത്. ദുര്‍ബലരെ സഹായിക്കുന്ന കരുത്തായി മാറാനാണ് സമൂഹം പഠിക്കേണ്ടത്. വിശ്വത്തിന് മുഴുവന്‍ ഗുണകരമാകും വിധം പ്രവര്‍ത്തിക്കുകയാണ് ഹിന്ദു മതം അനുശാസിക്കുന്നത്. ഹിന്ദു എന്നത് സ്വാഭാവത്തിന്റെ നാമവും തനിമയുടെ പേരുമാണ്. നാട്ടിലെങ്ങും വൈവിധ്യമാണ് ദൃശ്യമാകുന്നതെങ്കിലും ഇവരുടെ എല്ലാം സ്വഭാവം ഹിന്ദുത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇതിനു മുഖ്യ കാരണം ഹിന്ദുവിന്റെ പ്രാണന്‍ എന്നത് ധര്‍മ്മമാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഇത് ഇപ്പോഴും വിശ്വനന്മ്മക്കായുള്ള പ്രവര്‍ത്തനത്തിലാണ് ചെന്നെത്തുക.

മതത്തിന്റെ, സ്വാര്‍ഥതയുടെ, ധനത്തിന്റെ പേരില്‍ ലോകത്തെവിടെയും സംഘര്‍ഷത്തിന്റെ കാലമാണ്. മതാധിഷ്ഠിതമായ കലഹങ്ങളിലൂടെയുമാണ് ലോകം കടന്നു പോകുന്നത്. ഭാരതം മുന്നോട്ട് വയ്ക്കുന്ന ധര്‍മ്മം സമദൃഷ്ടിയുടേതാണ്. ഇതിനാണ് എന്നും വിജയം ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായി നിലനിര്‍ത്തുമ്പോള്‍ ആണ് ലോകത്ത് കലഹങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഭാരതത്തിന്റെ ജീവന്‍ സനാതനമാണ്. അതില്‍ ദേശ -കാലമാറ്റങ്ങള്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News