ബലംപിടിച്ച് സ്വര്‍ണമണിഞ്ഞ് അമ്മയും മക്കളും; ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണനേട്ടം സ്വന്തമാക്കി അമ്മയും പെണ്‍മക്കളും
ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണനേട്ടം സ്വന്തമാക്കി അമ്മയും പെണ്‍മക്കളും
ഇടുക്കി: ഇടുക്കി ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കി അമ്മയും മക്കളും. എസ് കാര്‍ത്തികയും മക്കളായ ബാലനന്ദയും നൈനികയുമാണ് ഒരുമിച്ച് കളത്തിലിറങ്ങി സ്വര്‍ണം നേട്ടം കൈവരിച്ചത്. തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തില്‍ നടന്ന 47- മാത് ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തിലാണ് അമ്മയുടേയും മക്കളുടേയും നേട്ടം.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കിലോ വിഭാഗത്തില്‍ മക്കളായ കെ.നൈനികക്ക് രണ്ട് സ്വര്‍ണ മെഡലുകളും, 45 കിലോ വിഭാഗത്തില്‍ കെ. ബാലനന്ദക്ക് രണ്ട് സ്വര്‍ണ മെഡലുകളും ലഭിച്ചു. അമ്മയായ എസ്.കാര്‍ത്തികയ്ക്ക് സീനിയര്‍ വനിത 70 കിലോ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ മെഡലുകളുമാണ് ലഭിച്ചത്. ഇടുക്കി ജില്ല പൊലീസ് ടെലികമ്യൂണിക്കേഷന്‍ എസ്.ഐ ബൈജുബാലിന്റെ ഭാര്യയായ കാര്‍ത്തിക ഇടുക്കി ജില്ല ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ്. ഇരുവരുടെയും മക്കളായ കെ. ബാല നന്ദ, കെ നൈനിക എന്നിവര്‍ പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്, നാലാം ക്ലാസ് വിദ്യാര്‍ഥിനികളാണ്.
ഇടുക്കി ജില്ലയില്‍ നിന്നും മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നൈനിക. മൂവരുടെയും പരിശീലകര്‍ ഇടുക്കി ഭൂമിയംകുളം സ്വദേശികളായ എം.എ ജോസ് (ലാലു), ജിന്‍സി ജോസ് എന്നിവരാണ്. 2025 ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മൂവരും പങ്കെടുക്കും.