കനത്ത മഴയില്‍ പാറക്കല്ലുകള്‍ റോഡിലേയ്ക്ക് വീണു; മൂന്നാര്‍ ഗ്യാപ് റോഡില്‍ ഗതാഗത നിരോധനം

മൂന്നാര്‍ ഗ്യാപ് റോഡില്‍ ഗതാഗത നിരോധനം

Update: 2025-05-12 17:13 GMT

ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കനത്ത മഴയില്‍ മൂന്നാര്‍ ഗ്യാപ് റോഡില്‍ കരിങ്കല്ല് റോഡില്‍ പതിച്ചതിനെത്തുടര്‍ന്നാണ് നിരോധനം. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

കൂടുതല്‍ കല്ലുകള്‍ റോഡിലേയ്ക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും. വളരെ ഉയരത്തിലുള്ള മണ്‍തിട്ടയില്‍ നിന്നും അടര്‍ന്ന് വീണ പാറക്കല്ലുകള്‍ റോഡില്‍ വീണ് ചിതറി പോയിരുന്നു. ഈ സമയം സംഭവസ്ഥലത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

മധ്യവേനലവധിയായതിനാല്‍ ധാരാളം സഞ്ചാരികള്‍ ഗ്യാപ്പ് റോഡിലേക്ക് എത്തുന്നുണ്ട്. പ്രദേശത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്താണ് പാറക്കല്ലുകള്‍ അടര്‍ന്ന് വീണത്. മഴക്കാലങ്ങളില്‍ ഗ്യാപ്പ് റോഡ് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട്.

Tags:    

Similar News