മദ്യപിച്ചിരുന്ന് ചീട്ടു കളിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ തർക്കം; പിന്നാലെ കൈവിട്ട കളി; ബിയർ കുപ്പി പൊട്ടിച്ച് അരുംകൊല; പ്രതിയെ പൊക്കി പൊലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം തൃശൂരിൽ

Update: 2025-10-12 16:42 GMT

തൃശൂർ: മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മറ്റൊരതിഥി തൊഴിലാളിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ പ്രിൻ്റു (ധനശ്യാം നായിക്ക് - 19) ആണ് കൊല്ലപ്പെട്ടത്. ഇയാളെയാണ് ഒഡീഷ സ്വദേശി ധരംബീർ സിംഗ് (29) ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ചീട്ടുകളിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉടലെടുക്കുകയും തുടർന്ന് ധരംബീർ സിംഗ് കൈയ്യിലുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് ധനശ്യാം നായിക്കിൻ്റെ നെഞ്ചിലും വയറിൻ്റെ വലതുവശത്തും ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനശ്യാം നായിക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പോലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ധരംബീർ സിംഗിനെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുന്നംകുളം പോലീസും പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസം മുൻപാണ് പ്രതി കുന്നംകുളത്തെ സ്ഥാപനത്തിൽ ജോലിക്ക് എത്തിയത്. മെഡിക്കൽ കോളേജിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

Tags:    

Similar News