പൂജ ഹോളിഡേയ്‌സ് നാട്ടിൽ കൂടാം; നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആര്‍ടിസി; സമയക്രമം അറിയാം..
തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) അധിക സർവീസുകൾ നടത്തുന്നു. ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി ലഭ്യമാക്കുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. നിലവിലുള്ള സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസുകൾ ഉൾപ്പെടെയുള്ളവ സർവ്വീസിന് സജ്ജമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസുകളുണ്ട്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെയാണ് ഇവ. കോഴിക്കോട്ടേക്ക് കുട്ട, മാനന്തവാടി വഴിയുള്ള നാല് സർവീസുകൾ, മലപ്പുറത്തേക്ക് കുട്ട, മാനന്തവാടി വഴിയുള്ള ഒരു സർവീസ്, തൃശ്ശൂരിലേക്ക് മൈസൂർ, കുട്ട വഴിയുള്ള ഒരു സർവീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കോയമ്പത്തൂർ, പാലക്കാട് വഴിയുള്ള വിവിധ ജില്ലകളിലേക്കും (എറണാകുളം, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം) സൂപ്പർ ഡീലക്സ്/ഡീലക്സ് ബസുകൾ ലഭ്യമാകും. കണ്ണൂരിലേക്ക് ഇരിട്ടി, മട്ടന്നൂർ വഴിയും, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ചെറുപുഴ വഴിയും സർവീസുകളുണ്ട്. നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം സർവീസും ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും പ്രത്യേക സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരത്തേക്കുള്ള സർവീസ് നാഗർകോവിൽ വഴിയും, എറണാകുളത്തേക്കുള്ള സർവീസ് സേലം, കോയമ്പത്തൂർ വഴിയുമാണ്.