തിരുവോണ ദിനത്തിൽ മദ്യപിച്ച് നടുറോഡിൽ കിടന്നു; വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി; സംഭവം തൃശൂരിൽ
തൃശൂർ: വടക്കാഞ്ചേരി തെക്കുംകര സ്വദേശിയായ ശശിധരൻ എന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. ഓണനാളിൽ സംഭവം നടന്നതായാണ് സൂചന. ഇരു കാലുകളിലും ഗുരുതരമായി പൊള്ളലേറ്റ ശശിധരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് ശശിധരൻ്റെ ഭാര്യ പറയുന്നതനുസരിച്ച്, ഇത് സൂര്യാഘാതമേറ്റതല്ലെന്നും തിളച്ച വെള്ളം ഒഴിച്ചുള്ള പൊള്ളലാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും പ്രതികളെ ഇതുവരെ കണ്ടെത്താനോ നിയമനടപടികൾ സ്വീകരിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. റോഡരികിൽ മദ്യപിച്ച് അവശനിലയിൽ കിടക്കുകയായിരുന്ന തന്നെ ഒരു സംഘം ആളുകൾ അസഭ്യം പറയുകയും പിന്നീട് കാലിൽ തിളച്ച വെള്ളമൊഴിക്കുകയുമായിരുന്നു എന്നാണ് ശശിധരൻ്റെ മൊഴിയായി പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.