തിരുവനന്തപുരത്ത് ഈ വര്‍ഷത്തെ നാവികസേനാ ദിനാഘോഷം; ശംഖുമുഖത്ത് മെഗാ ഓപ്പറേഷണല്‍ പ്രദര്‍ശനം; വിമാന വാഹിനിക്കപ്പലടക്കമുള്ള എല്ലാ പടക്കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസ പ്രകടനങ്ങള്‍ നടത്തും
തിരുവനന്തപുരത്ത് ഈ വര്‍ഷത്തെ നാവികസേനാ ദിനാഘോഷം
കൊച്ചി: നാവിക സേനാ ദിനത്തില്‍ ഇന്ത്യന്‍ നേവിയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും തിരുവനന്തപുരം സാക്ഷിയാകും. നാവിക സേനാ ദിനമായ ഡിസംബര്‍ 4ന് ശംഖുമുഖം കടപ്പുറത്താണ് നാവിക സേനയുടെ ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഇന്ത്യയിലെ വിമാന വാഹിനിക്കപ്പലടക്കമുള്ള എല്ലാ പടക്കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളും ശംഖുമുഖം തീരത്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ജന പങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും സതേണ്‍ നേവല്‍ കമാന്‍ഡ് വെണ്ടുരുത്തി കമാന്‍ഡിംഗ് ഓഫീസര്‍ കമ്മഡോര്‍ വി.ഇസഡ് ജോബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ദേശീയ തലത്തിലുള്ള ആഘോഷങ്ങള്‍ നടക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും ജനങ്ങള്‍ക്ക് ഇന്ത്യന്‍ നേവിയെ അടുത്തറിയാനുള്ള അവസരമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും ഡിസംബര്‍ 4-നാണ് നാവികസേനാ ദിനം ആചരിക്കുന്നത്. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍, ഓപ്പറേഷന്‍ ട്രൈഡന്റ് (Operation Trident) എന്ന പേരില്‍ കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ മിസൈല്‍ ബോട്ടുകള്‍ നടത്തിയ ധീരമായ ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണിത്. 'ഈ ദിനം നമ്മുടെ നാവിക ഉദ്യോഗസ്ഥരുടെ ധീരതക്കും കൃത്യതക്കും തന്ത്രപരമായ വൈദഗ്ധ്യത്തിനുമുള്ള ആദരവാണ്. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഈ ദേശീയ പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ ദക്ഷിണ നാവിക കമാന്‍ഡിന് സാധിക്കുന്നത് അഭിമാനകരമായ കാര്യമാണ്,' കമ്മഡോര്‍ വി.ഇസഡ് ജോബ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായും പ്രാദേശിക അധികാരികളുമായും അടുത്ത ഏകോപനത്തോടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 'ആത്മനിര്‍ഭര്‍ ഭാരതത്തോടുള്ള' നാവികസേനയുടെ പ്രതിബദ്ധതയും, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ 'പ്രാഥമിക സുരക്ഷാ പങ്കാളി' ആകാനുള്ള ദൃഢനിശ്ചയവും ഈ പരിപാടി പ്രതിഫലിക്കുമെന്നും, 'സുരക്ഷക്കും വളര്‍ച്ചക്കുമുള്ള പരസ്പര സമഗ്ര പുരോഗതി' (MAHASAGAR) എന്ന വിശാലമായ സമുദ്ര ദര്‍ശനമാണ് ഇതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന ആകര്‍ഷണം:
ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം ഡിസംബര്‍ 4-ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ നടക്കുന്ന മെഗാ ഓപ്പറേഷണല്‍ പ്രദര്‍ശനം (Op Demo) ആയിരിക്കും. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധസന്നദ്ധത, സാങ്കേതികവിദ്യ, തദ്ദേശീയ ശേഷികള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഈ പരിപാടിക്ക് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി ആതിഥേയത്വം വഹിക്കും. നാവികസേനയുടെ വിമാനങ്ങള്‍, കപ്പലുകള്‍, പ്രത്യേക സേനാംഗങ്ങള്‍, മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവയുടെ അഭ്യാസപ്രകടനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
പ്രധാന നാവിക താവളത്തിന് പുറത്ത് നാവികസേനാ ദിനത്തിന്റെ ഓപ്പറേഷണല്‍ പ്രദര്‍ശനം നടക്കുന്നത് ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലുമാണ് നടന്നത്.
ഈ വര്‍ഷത്തെ പ്രമേയം:
ഈ വര്‍ഷത്തെ നാവികസേനാ ദിനത്തിന്റെ പ്രമേയം - 'ഇന്ത്യന്‍ നാവികസേന: പോരാട്ടത്തിന് സജ്ജം, ഒത്തൊരുമിച്ച്, ആത്മനിര്‍ഭര്‍ - വികസിതവും സമൃദ്ധവുമായ ഭാരതത്തിനായി കടലുകള്‍ സംരക്ഷിക്കുന്നു' ('Indian Navy: Combat Ready, Cohesive, Atmanirbhar - Safeguarding Seas for a Vikshit Samriddha Bharat') എന്നതാണ്.
ജനസമ്പര്‍ക്ക പരിപാടികള്‍:
നാവികസേനാ ദിനത്തിന് മുന്നോടിയായി, സമുദ്ര അവബോധം വളര്‍ത്തുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെടുന്നതിനുമായി കേരളത്തിലുടനീളം നിരവധി ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.
നവംബര്‍ 8: കൊച്ചി നാവിക താവളത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആതിഥേയത്വം വഹിക്കും.
നവംബര്‍ 10, 11: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.എന്‍.എസ്. ഗരുഡയിലും നാവിക കപ്പലുകളിലും സന്ദര്‍ശന സൗകര്യമൊരുക്കും. നാവിക ഉപകരണങ്ങള്‍, മോഡലുകള്‍, അത്യാധുനിക ആയുധ സംവിധാനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഇതിലുണ്ടാകും.
തിരുവനന്തപുരത്ത്: ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നിന്നുള്ള നാവിക ടീമുകള്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും കോളേജുകളിലും ശില്‍പശാലകളും സംവേദനാത്മക സെഷനുകളും നടത്തും. യുവമനസ്സുകളെ പ്രചോദിപ്പിക്കാനും സമുദ്ര അവബോധം വര്‍ദ്ധിപ്പിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
കൊച്ചിയില്‍: വിമുക്തഭടന്മാരുടെ സേവനങ്ങളെയും ത്യാഗങ്ങളെയും ആദരിക്കുന്നതിനും നാവികരുടെ തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി ഗെറ്റ്-ടുഗതര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
സംഗീത പരിപാടികള്‍:
നവംബര്‍ 26: ദക്ഷിണ നാവിക കമാന്‍ഡ് ബാന്‍ഡ് തിരുവനന്തപുരത്ത് പൊതു കച്ചേരി അവതരിപ്പിക്കും. ഇത് ഇന്ത്യയുടെ നാവിക പൈതൃകം ആഘോഷിക്കുന്നതിനായി യുദ്ധോത്സുകമായതും ജനപ്രിയവുമായ ഈണങ്ങള്‍ സമന്വയിപ്പിക്കും.
ഡിസംബര്‍ 10: കൊച്ചിയിലെ സാഗരിക ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനായി ഒരു പ്രത്യേക സംഗീത കച്ചേരിയും ജീവകാരുണ്യ ഓര്‍ക്കസ്ട്രയും നടത്തും.
കൊച്ചി നേവി മാരത്തണ്‍ 2025:
നാവികസേനയും കേരളത്തിലെ ജനങ്ങളും തമ്മിലുള്ള സൗഹൃദവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി നേവി മാരത്തണ്‍ 2025 ഡിസംബര്‍ 21-ന് നടത്തും.
