വിമാനത്താവളങ്ങളിലെ സ്വര്‍ണ വേട്ടയ്ക്ക് പോലിസിന് അധികാരമില്ലെന്ന് കസ്റ്റംസ്; കേസ് ദുര്‍ബലമാക്കും
വിമാനത്താവളങ്ങളിലെ സ്വർണവേട്ട: പോലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്
കൊച്ചി: വിമാനത്താവളമടക്കം കസ്റ്റംസ് മേഖലയായി വിജ്ഞാപനംചെയ്ത സ്ഥലത്ത് പോലീസിന് സ്വര്‍ണക്കള്ളക്കടത്ത് പിടികൂടാനുള്ള പരിശോധന നടത്താനാകില്ലെന്ന് കസ്റ്റംസ്. ഇത്തരത്തില്‍ അറിയിക്കാതെയുള്ള പോലീസ് നടപടി കേസിനെ ദുര്‍ബലമാക്കുമെന്നും കസ്റ്റംസ് അധികൃതര്‍ കോടതിയെ അറിയിച്ചു. പോലീസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണം തിരികെലഭിക്കാന്‍ വടകര സ്വദേശി പി.എം. മുഹമ്മദ് ഫയല്‍ ചെയ്ത ഹര്‍ജിയെ എതിര്‍ത്ത് കസ്റ്റംസ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് ഹര്‍ജിക്കാരന്റെ 169 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടിയത്. വിട്ടുകിട്ടണമെന്നാവശ്യം മഞ്ചേരി കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയെ എതിര്‍ത്ത് കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശ്യാംനാഥാണ് സത്യവാങ്മൂലം ഫയല്‍ചെയ്തത്.
പോലീസ് കസ്റ്റംസിന് സഹായം ലഭ്യമാക്കുകയാണ് വേണ്ടത്. ശരീരത്തില്‍ ഒളിപ്പിച്ചുകടത്തുന്ന സ്വര്‍ണം പിടികൂടാന്‍ എക്‌സ്‌റേ എടുക്കാന്‍പോലും മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് കസ്റ്റംസ് നിയമം. പോലീസ് ഇതിലൊക്കെ വീഴ്ചവരുത്തും. തൊണ്ടിമുതല്‍ ഉരുക്കിയും രൂപമാറ്റം വരുത്തിയും ഹാജരാക്കുന്നതും കേസിനെ ദുര്‍ബലമാക്കും. ഹര്‍ജിക്കാരന്റെ കേസില്‍ പോലീസ് തൊണ്ടി കൈമാറുകയോ കോടതി നോട്ടീസ് ലഭിക്കുകയോ ചെയ്തിട്ടില്ല. ആഭരണങ്ങള്‍ വിദേശത്തുനിന്ന് കടത്തിയതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടുണ്ട്. അതിനാല്‍ തുടര്‍നടപടിയിലേക്ക് കടക്കുമെന്നും മുഹമ്മദിന്റെ ഹര്‍ജി തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. വിഷയം നവംബര്‍ 24-ന് കോടതി പരിഗണിക്കും.