നെഹ്‌റു ട്രോഫി വള്ളംകളി: ആഗസ്റ്റ് 30ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കര്‍ശന സുരക്ഷയൊരുക്കാന്‍ ജില്ലാ ഭരണകൂടം

Update: 2025-08-26 10:44 GMT

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 30-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും വില്‍പ്പന നടന്നു വരുന്നു. വള്ളംകളിയുമായി ബന്ധപ്പെട്ട് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങള്‍

വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

ആഗസ്റ്റ് 30 ന് രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളും ആറമത്തെ ഹീറ്റ്സില്‍ രണ്ടു വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

ടൈമേഴ്സ് കൃത്യതയോടെ ടൈം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് 1,2,3,4 സമയക്രമം കൃത്യമായി പൊതുജനം കാണുംവിധം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

വളളങ്ങളുടെ സമയക്രമം ഇനിമുതല്‍ മിനിട്ടിനും സെക്കന്റിനും ശേഷം മില്ലി സെക്കന്റായി (3 ഡിജിറ്റ്) നിജപ്പെടുത്തുന്നതാണ്. അപ്രകാരം നോക്കുമ്പോള്‍ ഒരേപോലെ ഒന്നിലധികം വളളങ്ങള്‍ ഫിനിഷ് ചെയ്തിട്ടുളളതായി കണ്ടാല്‍ ഇത്തരത്തില്‍ ഒരേ പോലെഫിനിഷ് ചെയ്ത വളളങ്ങളെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുന്നതാണ്. അങ്ങനെ വന്നാല്‍ ആറ് മാസം വീതം നെഹ്രുട്രോഫി കൈവശം വയ്ക്കാവുന്നതും ആദ്യ ആറ് മാസം ആര്‍ക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതുമാണ്.

പുന്നമട സജ്ജം

ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാര്‍ട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.

വള്ളംകളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി-ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിപുലമായ പ്രചാരണ പരിപാടികള്‍

വള്ളംകളിയുടെ പ്രചാരണത്തിനായി എന്‍.ടി.ബി.ആര്‍. സൊസൈറ്റി സബ് കമ്മിറ്റികളും വിവിധ വകുപ്പുകളും ഏജന്‍സികളുമായി ചേര്‍ന്ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരങ്ങളില്‍ വന്‍ പങ്കാളിത്തമുണ്ടായി.

വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സമീപ ജില്ലകളിലും എത്തിക്കാന്‍ 'വള്ളംകളി എക്സ്പ്രസ്' എന്ന പേരില്‍ പ്രത്യേകം ബ്രാന്റ് ചെയ്ത പ്രചരണ വാഹനം യാത്ര തുടങ്ങിയിട്ടുണ്ട്. പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വാഹനമായ 'വള്ളംകളി എക്സ്പ്രസില്‍ നെഹ്‌റുട്രോഫി മാതൃക കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശന വാഹനത്തില്‍ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, തീം സോങ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്‌റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങള്‍ പ്രദര്‍ശനത്തില്‍ കാണാം.ആഗസ്റ്റ് 25 മുതല്‍ 28 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്സ്പ്രസ് പര്യടനം നടത്തും. സന്ദര്‍ശകര്‍ക്ക് ഉള്ളില്‍ കയറി പ്രദര്‍ശനം കാണാന്‍ പ്രത്യേക കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിയമാവലികള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ കാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സരസമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.

വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്‌റു പവലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന്‍ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം.

രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുമാണ്. അനൗണ്‍സ്‌മെന്റ്, പരസ്യബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല.

വള്ളംകളി ദിവസമായ ആഗസ്റ്റ് 30 ന് രാവിലെ ആറു മുതല്‍ ജില്ലാ കോടതി പാലം മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജല വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും ഉള്‍പ്പടെ വിവിധ മേഖലകളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പവലിയനിലേക്ക് പോകുന്നവര്‍ രാവിലെ 10ന് എത്തണം

ടൂറിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്‌റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുന്‍പ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളില്‍ പ്രവേശിക്കുന്നവരും കരയില്‍ നില്‍ക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ പത്തിന് ശേഷം ഡി.ടി.പി.സി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് അനുവദിക്കില്ല.

ബോട്ട് സര്‍വീസ് അഞ്ച് ജെട്ടികളില്‍ നിന്ന്

പ്ലാറ്റിനം കോര്‍ണര്‍ -മാളികയില്‍ പേ ആന്‍ഡ് പാര്‍ക്ക് ജെട്ടി

ഇന്‍വിറ്റേഷന്‍ പാസ് -രാജീവ് ജെട്ടി

വി വി ഐ പി ആന്‍ഡ് പ്രസ്സ് -ലേക്ക് പാലസ് ജെട്ടി

ടൂറിസ്റ്റ് ഗോള്‍ഡ് -ഡിറ്റിപിസി ജെട്ടി

ടൂറിസ്റ്റ് സില്‍വര്‍ എസ് ഡബ്ലിയു ടി ഡി ജെട്ടി

റോസ് കോര്‍ണര്‍, വിക്ടറി ലൈന്‍ , ലേക്ക് വ്യൂ, ലോണ്‍ -ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് സമീപം

ആള്‍ വ്യൂ - പോഞ്ഞിക്കര

Tags:    

Similar News