70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ഓളപ്പരപ്പിലെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഒന്‍പത് വിഭാഗങ്ങളിലായി 74 യാനങ്ങള്‍ അണിനിരക്കുന്ന ജലപ്പൂരത്തില്‍, നെഹ്‌റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി 19 ചുണ്ടന്‍ വള്ളങ്ങള്‍ പൊരുതും. ഇന്ന് ഉച്ചയ്ക്കു 2ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും.
പവിലിയനിലെ നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെയാണു തുടക്കം. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന്‍ മത്സരവും മന്ത്രി വി.എന്‍.വാസവന്‍ മാസ്ഡ്രില്ലും ഫ്‌ലാഗ് ഓഫ് ചെയ്യും. മൂന്നുമുതല്‍ ജല കായിക ഇനങ്ങളും സാംസ്‌കാരിക പരിപാടികളും നടക്കും. ആലപ്പുഴ ജില്ലയില്‍ ഇന്ന് അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ പ്രാദേശിക അവധി നല്‍കി.
രാവിലെ 11 മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം അഞ്ച് ഹീസ്റ്റുകളിലായായിരിക്കും ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. ഓഗസറ്റ് 10നായിരുന്നു വള്ളം കളി നടക്കണ്ടിയിരുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി മാറ്റിവെച്ചിരുന്നു.