സഹോദരിമാരുടെ ആത്മഹത്യ: പ്രതികളെ കോടതി വെറുതെ വിട്ടു

റാന്നി പെരുനാട്ടില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

Update: 2024-10-02 04:44 GMT

പത്തനംതിട്ട: റാന്നി പെരുനാട്ടില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പെരുനാട് കണ്ണന്നുമണ്‍ സ്വദേശികളായ സിന്ധു(18), ബിന്ദു (16) എന്നിവരെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയത് ആത്മഹത്യയ്ക്ക് കാരണമായെന്ന് ആരോപിച്ച് പെരുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി സുധീഷ് എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്‍, പെരുനാട് മടത്തുംമൂഴി സ്വദേശി മനോജ് കുമാര്‍, വഞ്ചിയൂര്‍ സ്വദേശി അരുണ്‍ നാരായണന്‍ ശശി എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-1 ജഡ്ജി ജയകുമാര്‍ ജോണ്‍ വെറുതെ വിട്ടു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചു. 2010 മാര്‍ച്ച് 17 നാണ് പെരുനാട് അച്ചന്‍മുക്കിലെ റബര്‍ തോട്ടത്തിലുള്ള പുകപ്പുരയില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. 41 സാക്ഷികളെ വിസ്തരിച്ചു. ഒന്നും മൂന്നും പ്രതികള്‍ക്ക് വേണ്ടി അഡ്വ. ഡി.എന്‍. തൃദീപ്, അഡ്വ. ഷെറിന്‍ എം. തോമസ്, രണ്ടാം പ്രതി മനോജ്കുമാറിന് വേണ്ടി അഡ്വ. എന്‍. മഹേഷ് റാമും ഹാജരായി.

Tags:    

Similar News