നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഇടിച്ചു തകര്‍ത്തത് മിനിലോറിയുടെ പിന്നിലെ ടയറും ഡീസല്‍ ടാങ്കും; ഡ്രൈവര്‍ ഉറങ്ങിയതാകാമെന്ന് പോലീസ്; തിരുവല്ലയിലെ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്

കൊല്ലം രാമന്‍കുളങ്ങര സമൃദ്ധി വീട്ടില്‍ കീര്‍ത്തി (17), മുത്തശ്ശി ആനന്ദവല്ലി അമ്മ (74) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Update: 2024-10-04 05:28 GMT

തിരുവല്ല: തിരുവല്ല- മാവേലിക്കര സംസ്ഥാനപാതയില്‍ താലൂക്ക് ആശുപത്രിക്ക് സമീപം ക്ഷേത്ര ദര്‍ശനത്തിന് പോയ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്.

കൊല്ലം രാമന്‍കുളങ്ങര സമൃദ്ധി വീട്ടില്‍ കീര്‍ത്തി (17), മുത്തശ്ശി ആനന്ദവല്ലി അമ്മ (74) എന്നിവര്‍ക്കാണ് പരുക്കേറ്റത്.പനച്ചിക്കാട് ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം. മാവേലിക്കര ഭാഗത്തുനിന്നും എത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്നും മെറ്റില്‍ കയറ്റി വന്ന മിനി ലോറിയുടെ പിന്‍വശത്തെ ചക്രത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ പിന്‍വശത്തെ ചക്രങ്ങള്‍ ഊരി തെറിച്ചു.

ഇന്നോവയുടെ മുന്‍വശം ഭാഗികമായി തകര്‍ന്നു. മുന്‍വശത്തെ ടയര്‍ ഇളകി മാറി. അപകടത്തില്‍ തലയ്ക്കും മുഖത്തും പരുക്കേറ്റ കീര്‍ത്തിയേയും അനന്തവല്ലി അമ്മയെയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കീര്‍ത്തിയുടെ അമ്മയും സഹോദരനും ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് പരന്നൊഴുകിയ ഡീസല്‍ അഗ്നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Tags:    

Similar News