അന്‍വര്‍ നിലപാട് മാറ്റി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതില്‍ കടുത്ത അതൃപ്തി; പി.ഷമീര്‍ ഡിഎംകെ സെക്രട്ടറി സ്ഥാനം രാജിവെച്ചു; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും; ശക്തിപ്രകടനത്തിന് കൂലിക്ക് ആളെയിറക്കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത

ഷമീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കി

Update: 2024-10-25 14:04 GMT

പാലക്കാട്: ഡി.എം.കെ. രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭിന്നത. പി വി അന്‍വര്‍ നിലപാട് മാറ്റി പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി ബി ഷമീര്‍ രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കി.

യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കാനുള്ള പി.വി അന്‍വറിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടി രൂപീകരിച്ചിട്ട് 17 ദിവസം മാത്രമാകുമ്പോഴാണ് പാലക്കാട് ജില്ലാകമ്മിറ്റിയില്‍ ഭിന്നതയുണ്ടാകുന്നത്. ശക്തിപ്രകടനത്തിന് കൂലിക്ക് ആളെയിറക്കിയെന്ന ആരോപണത്തിനിടെയാണ് പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയില്‍ ഭിന്നത രൂക്ഷമായത്.

'മൂന്ന് മുന്നണിക്കുമെതിരേ പ്രവര്‍ത്തിക്കാനാണിറങ്ങിയത്. എന്നിട്ട് അവസാനം ഒറ്റപ്പെട്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. അഞ്ചുമാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി.വി അന്‍വര്‍ പെട്ടെന്ന് സ്റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്ക് പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്. ഞങ്ങളുടെ ശക്തി തെളിയിക്കാനും പിന്നെ ഒരുപാടുപേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നവണ്ണം ഒരു മത്സരം കാഴ്ചവെയ്ക്കാനുമാണ്. അദ്ദേഹം അതിന് പിന്തുണ നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. അവസാനം ഒന്നുമില്ലാതെ ആയി. ഒരുപാട് പ്രവര്‍ത്തകര്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്, ഷമീര്‍ പറഞ്ഞു.

അന്‍വര്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേര്‍ പാര്‍ട്ടി വിടുമെന്നും ഷമീര്‍ പ്രതികരിച്ചു. അന്‍വര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാര്‍ട്ടിക്കായി ഇറങ്ങിയ പല പ്രവര്‍ത്തകര്‍ക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.

തന്നെ അറിയില്ലെന്ന് അന്‍വറിന് പറയാന്‍ കഴിയില്ല. അന്‍വറിന്റെ കണ്‍വെന്‍ഷനില്‍ നന്ദി പറഞ്ഞത് താനാണ്. പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ജില്ലാ ഭാരവാഹിയാണ്. തന്നോടൊപ്പം 100 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും ബി ഷമീര്‍ പറഞ്ഞു.

അതേസമയം, ഷമീറിനെ തള്ളി അന്‍വര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ പി വി അന്‍വര്‍, മുന്‍ ഇടത് എം എല്‍ എ കാരാട്ടും റസാഖുമായി കൂടിക്കാഴ്ച നടത്തി.

ചേലക്കരയില്‍ എത്തിയാണ് റസാഖ് അന്‍വറിനെ കണ്ടത്.അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ പഠിക്കാനാണ് വന്നതെന്ന് റസാഖ് പറഞ്ഞു. പഠിച്ച ശേഷം പിന്തുണയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇപ്പോള്‍ താന്‍ ഇടതുപക്ഷത്തിന്റെ ഭാഗമാണെന്നും റസാഖ് പറഞ്ഞു.ഇതിനിടെ, ചേലക്കരയിലെ പിവി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എന്‍കെ സുധീര്‍ മൂന്ന് സെറ്റ് പത്രി നല്‍കി.

Tags:    

Similar News