'മുനമ്പം മനുഷ്യരുടെ വിഷയമാണ്, അല്ലാതെ ദൈവത്തിന്റെ വിഷയമല്ല'; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും; മുനമ്പം നിവാസികളുടെ ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീര്‍മഹാരാജ് ഭദ്രാനന്ദ്ജി

Update: 2024-11-01 02:38 GMT

തിരുവനന്തപുരം: എറണാകുളം മുനമ്പം നിവാസികളുടെ ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീര്‍മഹാരാജ് ഭദ്രാനന്ദ്ജി. മുനമ്പത്തെ 600 ഓളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 2021 മുതല്‍ സമര രംഗത്താണ് മുനമ്പം നിവാസികള്‍. മുനമ്പത്തെ വിവാദ വിഷയമാക്കി മുതെലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം മനുഷ്യരുടെ വിഷയമാണ്, അല്ലാതെ ദൈവത്തിന്റെ വിഷയമല്ല. ദൈവത്തിന്റെ ലോകം സ്വര്‍ഗ്ഗലോകവും, ചെകുത്താന്റെ ലോകം പാതാള ലോകവും, പിതൃക്കളുടെ ലോകം ജലലോകവും, മനുഷ്യന്റെ ലോകം ഭൂലോകവുമെന്നിരിക്കെ പിന്നെ എന്തിനാണ് ഒരു പ്രത്യേക മതത്തില്‍പ്പെട്ട ദൈവത്തിന്റെ പേരില്‍ നിര്‍മ്മിച്ച ബോഡിന്റെ പേരില്‍ മനുഷ്യര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വീര്‍മഹാരാജ് ഭദ്രാനന്ദ്ജി ചോദിച്ചു. സ്വാര്‍ത്ഥ മോഹികളായ മനുഷ്യര്‍ ദൈവത്തിനെ കൂട്ടുപിടിച്ചാണ് എപ്പോഴും സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ദൈവം ഇഷ്ടപ്പെടുന്നത് മനുഷ്യന്റെ ശാന്തിയും സമാധാനവും സന്തോഷവുമാണ് അല്ലാതെ ദുരിതങ്ങളും കലാപങ്ങളും വേദനകളുമല്ല. മനുഷ്യര്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ട്ടിക്കുന്ന ഏതെങ്കിലും ബോര്‍ഡിന്റെയോ സംഘടനയുടെയോ ആവശ്യം ദൈവത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തില്‍ നീതിയെയും, ന്യായത്തെയും, കരുണയെയും മുന്‍നിര്‍ത്തി വേണം കാര്യങ്ങള്‍ കാണുവാന്‍. 614 ഓളം കുടുംബങ്ങളുടെ ആശങ്കകള്‍ക്ക് അറുതി വരുത്താനും, നീതി ലഭിക്കാനും വേണ്ടപ്പെട്ട അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുരിതം അനുഭവിക്കുന്ന ഭൂരിഭാഗം ജനങ്ങളും ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ടവരാണെങ്കില്‍ അതില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ ഈഴവ, ധീവര, കുടുമ്പി വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന കാര്യം ആരും മറന്നുപോകരുത്. മുനമ്പം വിഷയം ഒരിക്കലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കാണരുത്, മറിച്ച് ഇതൊരു ദേശത്തിന്റെ പ്രശ്നമായി പരിഗണിക്കണം. വേദനിക്കുന്നവര്‍ എല്ലാം തന്നെ നമ്മുടെ സ്വന്തം സഹോദരങ്ങളാണ് അതുകൊണ്ട് തന്നെ മുനമ്പം വിഷയത്തില്‍ പക്ഷഭേദമില്ലാതെ ധര്‍മ്മത്തിന്റെ ഭാഗത്ത് നിന്നും അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും വീര്‍മഹാരാജ് ഭദ്രാനന്ദ്ജി പറഞ്ഞു.

വീര്‍മഹാരാജ് ഭദ്രാനന്ദ്ജി

Tags:    

Similar News