തെറ്റിദ്ധരിപ്പിച്ച് കടയില്‍ നിന്നും പണം തട്ടാന്‍ ശ്രമം; സംശയം തോന്നി ഫോണ്‍ വിളിക്കാന്‍ ശ്രമിക്കവെ 10000 രൂപയുമായി കടന്നു; പട്ടാപ്പകല്‍ മോഷണ ശ്രമത്തിനിടെ പ്രതി പിടിയില്‍

പട്ടാപകല്‍ കടയില്‍ മോഷണശ്രമം, പ്രതി പിടിയില്‍

Update: 2024-11-05 14:55 GMT

മലപ്പുറം: പിതാവ് 10,000 രൂപ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്ന് കടയിലുണ്ടായിരുന്ന മകനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംശയം തോന്നി പിതാവിനെ ഫോണ്‍ വിളിക്കാന്‍ തിരിഞ്ഞതോടെ മേശവലിപ്പിലെ പണം എടുത്തുപാഞ്ഞെങ്കിലും യുവാവിനെ പിടികൂടുകയായരുന്നു. മലപ്പുറം കരുളായിയില്‍ പട്ടാപകല്‍ കടയില്‍ മോഷണം നടത്തിയ മമ്പാട് പുള്ളിപ്പാടം മുണ്ടംപറമ്പത്ത് സുധീഷ് എന്ന ചെല്ലപ്പന്‍ സുധി (25 ) ആണ് പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിലവില്‍ ചാത്തല്ലൂരില്‍ വാടകക്ക് താമസിക്കുകയാണ് പ്രതി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27ന് വൈകുന്നേരം കരുളായി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ വെജിറ്റബിള്‍സ് എന്ന കടയില്‍ നിന്നുമാണ് പണം തട്ടാന്‍ ശ്രമിച്ചത്. കട ഉടമസ്ഥന്റെ മകന്‍ മുഹമ്മദ് സിനാനെ തെറ്റിദ്ധരിപ്പിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.

പിതാവ് തനിക്ക് പതിനായിരം രൂപ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും ഈ തുക താന്‍ പിതാവിന് ഗൂഗിള്‍പേ വഴി അയച്ചുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞാണു തെറ്റിദ്ധരിപ്പിച്ചത്. സിനാന്‍ മേശ വലിപ്പ് തുറന്ന് പണം എണ്ണിതിട്ടപ്പെടുത്തി വെച്ച ശേഷം പ്രതിയുടെ ഇടപാടില്‍ സംശയം തോന്നി പിതാവിനെ വിവരം ധരിപ്പിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തിരിഞ്ഞപ്പോള്‍ പ്രതി മേശ വലിപ്പില്‍ വെച്ചിരുന്ന പണം എടുത്ത് ഓടിപോകുകയായിരുന്നു. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

അടുത്ത കടയിലെ സി.സി.ടി.വി യില്‍ നിന്ന് കടയില്‍ വന്ന പ്രതി ഒരു കാറില്‍ കയറി രക്ഷപ്പെട്ട് പോകുന്ന ദൃശ്യവും പോലീസിന് ലഭിച്ചു. കാറിനെ കുറിച്ചുള്ള അന്വേഷണത്തില്‍ കാളികാവിലെ ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നും ഉടമയെ കബളിപ്പിച്ച് തട്ടിയെടുത്തതാണ് കാര്‍ എന്നും പോലീസ് കണ്ടെത്തി . ഇത്തരം കുറ്റകൃത്യങ്ങളില്‍ മുമ്പ് ഉള്‍പ്പെട്ട പ്രതി സുധീഷിന്റെ ഫോട്ടോ കടയുടമയെയും വര്‍ക്ക് ഷോപ്പ് ഉടമയെയും കാണിച്ചപ്പോള്‍ ഇരുവരും പ്രതിയെ തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി എടക്കരയിലെ ഭാര്യ വീട്ടില്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണു പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

പണം തിരുവന്തപുരം, കൊച്ചി എന്നിവിടങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂട്ടുകാരൊപ്പം കാറില്‍ കറങ്ങി ചിലവഴിച്ചതായും മുന്‍ കാല കേസുകളുടെ നടത്തിപ്പിനായി ചിലവഴിച്ചതായും മൊഴി നല്‍കി. പ്രതി മുമ്പ് കൊടുവള്ളി, പെരിന്തല്‍മണ്ണ, വാഴക്കാട്, തേഞ്ഞിപ്പാലം, കാളികാവ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ സമാന കളവു കേസുകളിലും മഞ്ചേരി, പൂക്കോട്ടുംപാടം, എടവണ്ണ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മറ്റ് ക്രിമിനല്‍ കേസുകളും ഉള്‍പ്പെടെ പതിനൊന്നോളം കേസുകളില്‍ പിടിക്കപ്പെട്ട് ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പൂക്കോട്ടുംപാടം എസ് എച്ച് ഒ എ അനൂപിന്റെ നേതൃത്ത്വത്തില്‍ എസ് ഐ എം അസൈനാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ് ചക്കാലക്കുത്ത്, സക്കീര്‍ ഹുസൈന്‍ മാമ്പൊയില്‍, എന്‍ പി സുനില്‍ , സിയാദ് എടവണ്ണ, പി സലീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News