കോട്ടൂരില്‍ ആന ചവിട്ടി കൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോട്ടൂരില്‍ ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാനെ ആന വെള്ളത്തില്‍ ചവിട്ടിതാഴ്ത്തി കൊന്ന സംഭവത്തില്‍ മരിച്ച വിഷ്ണുവിന്റെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും അറിയിക്കണം. സംഭവത്തില്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് കണ്‍സര്‍വേറ്റര്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ള വിവരങ്ങളും അറിയിക്കണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാര്‍ച്ച് 24 ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. സിറ്റിംഗില്‍ കണ്‍സര്‍വേറ്ററുടെ പ്രതിനിധി ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.