കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തെരുവുനായയുടെ കടിയേറ്റത് 25 പേര്‍ക്ക്; ചത്ത നിലയില്‍ കണ്ടെത്തിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു: പരിഭ്രാന്തിയോടെ യാത്രക്കാര്‍

നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു: പരിഭ്രാന്തിയോടെ യാത്രക്കാര്‍

Update: 2024-11-28 16:41 GMT

കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റുമോര്‍ട്ടം ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ നിന്നും നടത്തിയപ്പോഴാണ് തെരുവ് നായക്ക് പേവിഷബാധയുണ്ടെന്ന് വ്യക്തമായത്. ബുധനാഴ്ച്ച വൈകിട്ട് മുന്ന് മണിമുതലാണ് തെരുവ് നായയുടെ അക്രമം ഉണ്ടായത്.




 


ആദ്യം റെയില്‍വെ സ്റ്റേഷന്‍ പ്‌ളാറ്റ്‌ഫോമില്‍ നിന്നും രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് യാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് നാലു മണിയോടെ പേപ്പട്ടി പരക്കെ യാത്രക്കാരെ ഓടി കടിച്ചു പരുക്കേല്‍പ്പിച്ചു. ടിക്കറ്റെടുക്കാന്‍ ക്യൂവില്‍ നിന്ന യാത്രക്കാര്‍ക്കും കടിയേറ്റു. യാത്രക്കാരില്‍ മിക്കവര്‍ക്കും കൈകാലുകള്‍ക്കാണ് കടിയേറ്റത്. പലരുടെയും കാലുകളിലഇറച്ചി കടിച്ചെടുത്തു. ഒടുവില്‍ റെയില്‍വെ പൊലിസും പോര്‍ട്ടര്‍മാരും പൊലിസും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന് വടിയും കല്ലും ഉപയോഗിച്ചു നായയെ തല്ലിക്കൊല്ലുകയായിരുന്നു.

കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പേവിഷബാധയ്ക്കുള്ള കുത്തിവെയ്‌പ്പെടുത്തിരുന്നു. ഇതില്‍ ഏഴു പേര്‍ക്കാണ് സാരമായി പരുക്കേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ ഭീതിയിലാണ്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അലഞ്ഞുതിരിയുന്ന നൂറോളം തെരുവ് നായ്ക്കളുണ്ടെന്നാണ് റെയില്‍വെ പൊലിസ് പറയുന്നത്. 25 യാത്രക്കാര്‍ക്കാണ് ഒറ്റ ദിവസം കൊണ്ടു കടിയേറ്റത്. പേയിളകിയ തെരുവുനായയെ റെയില്‍വെ പൊലിസും പോര്‍ട്ടര്‍മാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് കല്ലും വടിയും ഉപയോഗിച്ചു പിന്‍തുടര്‍ന്ന് പോയി തല്ലിക്കൊന്നു.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും നേരത്തെ ക്യുനിന്ന യാത്രക്കാര്‍ക്ക് കടിയേറ്റിരുന്നു. പ്‌ളാറ്റ് ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് കടിയേല്‍ക്കുന്നതും പതിവു സംഭവങ്ങളിലൊന്നാണ്. റെയില്‍വെ മാലിന്യങ്ങള്‍ തള്ളുന്നത് കാരണമാണ് തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നതെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. എന്നാല്‍ കോര്‍പറേഷന്‍ വന്ധ്യംകരണ പദ്ധതി നിലച്ച താണ് തെരുവുനായ ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്ന് റെയില്‍വെ അധികൃതരും പറയുന്നു. തെരുവുനായശല്യത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികളുമായി മുന്‍പോട്ടു പോകുമെന്ന് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.

Tags:    

Similar News