കേരളം കൊള്ളയടിക്കുന്ന കുറുവാസംഘം എ.കെ.ജി സെന്ററിലും പാലക്കാട് സിപിഎം ഓഫീസിലും; സി.പി.എം ജീര്‍ണതയെ നേരിടുന്നുവെന്ന് വി.ഡി സതീശന്‍
കേരളം കൊള്ളയടിക്കുന്ന കുറുവാ സംഘം എ.കെ.ജി സെന്ററില്‍
കേരളം കൊള്ളയടിക്കുന്ന കുറുവാ സംഘം എ.കെ.ജി സെന്ററില്‍
കോഴിക്കോട്: കേരളം കൊള്ളയടിക്കുന്ന കുറുവാ സംഘം കേന്ദ്രീകരിച്ചിരിക്കുന്നത് എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണം. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും.
അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെ കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയതെന്നും സതീശന്‍ പരിഹസിച്ചു. ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞതിനുള്ള മറുപടിയായി വി.ഡി സതീശന്റെ പരാമര്‍ശം.
സി.പി.എം ജീര്‍ണതയെ നേരിടുകയാണ്. ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞത്. അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണം.
സി.പി.എം ഏരിയാ സെക്രട്ടറിയായിരിക്കുമ്പോള്‍ ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ആള്‍ എങ്ങനെ കോണ്‍ഗ്രസിലേക്ക് വരും. അങ്ങനെയുള്ളവരെ ഞങ്ങള്‍ക്കു വേണ്ട. സി.പി.എമ്മില്‍ കമ്മ്യൂണിസം വരുമെന്നു കരുതി കൂടെക്കൂടി അബന്ധം പറ്റിയവര്‍ നിരവധിയുണ്ട്. അവരൊക്കെ ഞങ്ങള്‍ക്കൊപ്പം വരും. അവരൊക്കെ ഞങ്ങള്‍ക്ക് വോട്ട് ചെയ്യാറുമുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് പാലക്കാട് ഇത്രയും വോട്ട് കിട്ടിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.