ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 37 ലക്ഷം രൂപ തട്ടിയ സംഭവം; രണ്ടാം പ്രതി അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 37 ലക്ഷം രൂപ തട്ടിയ സംഭവം; രണ്ടാം പ്രതി അറസ്റ്റില്‍

Update: 2024-12-06 03:49 GMT

പത്തനംതിട്ട: ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി തടിയൂര്‍ സ്വദേശിയില്‍ നിന്നും 37 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. മുംബൈ അന്ധേരി പോലീസെന്നും സി.ബി.ഐ. എന്നും വീഡിയോ കോളിലൂടെ തെറ്റിധരിപ്പിച്ച് 37,61,269 രൂപ തട്ടിയകേസില്‍ പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കല്‍ വീട്ടില്‍ മൊയ്ദു സാഹിബി(20)നെ കോയിപ്രം പോലീസാണ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയായ മറ്റൊരു മലയാളിക്കുവേണ്ടി അന്വേഷണം തുടരുന്നു.

തടിയൂര്‍ സ്വദേശിയുടെ ധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പരില്‍നിന്ന് പരസ്യങ്ങളും ഭീഷണിയും അയച്ചിട്ടുണ്ടെന്നും നരേഷ് ഗോയല്‍ എന്നയാള്‍ ഈ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആറുകോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞാണ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. പണം ആവശ്യപ്പെട്ടുള്ള ഭീഷണിയില്‍ ഭയന്നുപോയ തടിയൂര്‍ സ്വദേശി, പ്രതികളുടെ കൊല്‍ക്കത്ത ഹാറ്റിഭാഗന്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് അക്കൗണ്ടിലേക്ക് 2024 ഒക്ടോബര്‍ 10-ന് 7,50,111 രൂപ അയച്ചുകൊടുത്തു. തുടര്‍ന്ന് 15-ന് ഗുജറാത്ത് വാഡോദര ഐ.സി.ഐ.സി.ഐ. ബാങ്കിലേക്ക് 30,11,158 രൂപയും തട്ടിപ്പുകാര്‍ വാങ്ങിയെടുത്തു.

ഈ തുകയില്‍ 6,500,00 രൂപ രണ്ടാം പ്രതിയുടെ പാലക്കാട് ചേര്‍പ്പുളശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 15-ന് വഡോദര ഐ.സി.ഐ.സി.ഐ. ബാങ്ക് അക്കൗണ്ടില്‍നിന്ന് മാറ്റി. പിന്നീട് ഇയാളുടെ പേരിലുള്ള ചെക്ക് ഇപയോഗിച്ച് പണം പിന്‍വലിച്ച് ഒന്നാം പ്രതിക്ക് കൈമാറി.

തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പോലീസ് ഇന്‍സ്പെക്ടര്‍ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ. ഷിബുരാജ്, എസ്.സി.പി.ഒ. ജോബിന്‍ ജോണ്‍, സി.പി.ഒ. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


Tags:    

Similar News