ഒരാള്‍ ഉയരത്തില്‍ വളരുന്ന പൊക്കാളി നെല്‍ച്ചെടിക്ക് അമ്‌ളത്തെയും ഉപ്പിനെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാന്‍ കഴിവുള്ളവ; പൊക്കാളി നെല്‍ കൃഷി യന്ത്രവത്കരിക്കാന്‍ ശ്രമം തുടരുന്നു:ഡോ എ കെ ശ്രീലത

Update: 2024-12-11 10:53 GMT

തൃശൂര്‍: പൊക്കാളി നെല്‍കൃഷി യന്ത്രവത്കരിക്കുന്നതിന് ശ്രമങ്ങള്‍ തുടരുന്നതായി വൈറ്റില റൈസ് റിസര്‍ച്ച് സ്റ്റേഷനിലെ ഗവേഷക ഡോ. എ കെ ശ്രീലത. ധാരാളം തൊഴില്‍ ശക്തി ആവശ്യമായതും കൃഷിക്കാര്‍ വളരെ കുറവുമുള്ള മേഖലയാണിത്. ഈ സാഹചര്യത്തിലാണ് യന്ത്രവത്കരണത്തിനു പ്രാധാന്യം നല്‍കുന്നത്. ഫോക് ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് പ്ലാന്‍ @ എര്‍ത്ത് എന്ന എന്‍ജിഒയുടെ സഹകരണത്തോടെ കര്‍ത്തേടം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊക്കാളി കൃഷി നേരിടുന്ന പ്രശ്നങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. വളവും കീടനാശിനിയും പൊക്കാളി കൃഷിക്ക് ആവശ്യമില്ല. ഒരാള്‍ ഉയരത്തില്‍ വളരുന്ന പൊക്കാളി നെല്‍ച്ചെടിക്ക് അമ്‌ളത്തെയും ഉപ്പിനെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നും അവര്‍ പറഞ്ഞു.

ലോക പൈതൃക പട്ടികയില്‍പെട്ട പൊക്കാളി നെല്‍കൃഷി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഈ കാര്‍ഷിക മേഖലയില്‍ 30 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള എം ചാന്ദു പറഞ്ഞു. ധാരാളമുണ്ടായിരുന്ന പൊക്കാളി നെല്ല് കര്‍ഷകര്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. പലരും നിവൃത്തിയില്ലാതെ മറ്റു വൃത്തികളിലേക്ക് ചുവടു മാറ്റിയിരിക്കുകയാണെന്നും ചാന്ദു വിശദീകരിച്ചു. ഭൂമിയുടെ ജലസ്രോതസായ നെല്‍ വയലുകള്‍ സംരക്ഷിക്കേണ്ടത് ഏവരുടേയും കടമയാണ്. മാനവരാശിയുടെ നിലനില്‍പ്പിനാധാരമായ കാര്‍ഷിക വൃത്തി ഇന്ന് ഏറെ പിന്നോക്കം പോയി. മറുനാടുകളില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ വരുമ്പോള്‍ വിലക്കയറ്റവും ആരോഗ്യനാശവുമായിരിക്കും ഫലമെന്നും പൊക്കാളി കര്‍ഷക പ്രതിനിധി ജോസഫ് പറഞ്ഞു. സെമിനാറില്‍ ഗ്രന്ഥശാലാ സംഘം കൊച്ചി താലൂക്ക് സെക്രട്ടറി കെ എസ് രാധാകൃഷ്ണന്‍ പങ്കെടുത്തു.

Tags:    

Similar News