അമ്മയെ കിടപ്പുമുറിയിലിട്ട് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
പറവൂര്‍: അമ്മയെ കിടപ്പുമുറിയില്‍ വെച്ച് വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന കേസില്‍ മകന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കാരിയൂര്‍ നാഗഞ്ചേരി കല്ലുങ്ങപറമ്പില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ കാര്‍ത്യായനിയെ (61) മകന്‍ അനില്‍കുമാര്‍ (അനി-39) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പറവൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം.
2019 ഓഗസ്റ്റ് 24-നായിരുന്നു സംഭവം. താമസിക്കുന്ന സ്ഥലവും വീടും സ്വന്തം പേരില്‍ എഴുതിക്കൊടുക്കാനായി പ്രതി അമ്മയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതു സംബന്ധിച്ച അഭിപ്രായഭിന്നതയാണ് കൊലയിലേക്ക് നയിച്ചത്. കൊലപാതകത്തിനു ശേഷം അയല്‍വീടുകളില്‍ എത്തി അമ്മയെ കൊലപ്പെടുത്തിയ വിവരം പറഞ്ഞ പ്രതി കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളുമായി കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. എന്നാല്‍, വിചാരണവേളയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു.
പ്രതിയുടെ സഹോദരി അടക്കം 30 സാക്ഷികളെ വിസ്തരിച്ചു. കോട്ടപ്പടി സബ് ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുല്‍ റഹ്‌മാന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ബി. ഷാജി ഹാജരായി.