കേരളത്തിലുള്ളത് ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി; അദാലത്തുകളിലൂടെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി ജി.ആര്‍ അനില്‍; നെടുമങ്ങാടും താലൂക്ക് അദാലത്ത്

Update: 2024-12-12 09:27 GMT

തിരുവനന്തപുരം: ജനങ്ങളുടെ പക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിപറഞ്ഞു. കരുതലും കൈത്താങ്ങും നെടുമങ്ങാട് താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ സംതൃപ്തിക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതാണ് കരുതലും കൈത്താങ്ങും അദാലത്തെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് ഇത്തരം അദാലത്തുകള്‍ നടത്തുന്നത്. കരുതലും കൈത്താങ്ങും അദാലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത അപേക്ഷകള്‍ക്ക് കാലതാമസമില്ലാതെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അദാലത്ത് ജനങ്ങളുടെ ആശങ്കകള്‍ക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം ഉറപ്പാക്കി ഭരണം ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

പഴകുറ്റി എം.റ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. അദാലത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനം ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അദാലത്തിലെത്തിയ അപേക്ഷകളില്‍ പരിഹാരം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ സംവിധാനം അക്ഷീണം പരിശ്രമിച്ചുവെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെ കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എം.എല്‍.എമാരായ ഡി.കെ മുരളി, ജി.സ്റ്റീഫന്‍, നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി, ജില്ലാ കളക്ടര്‍ അനുകുമാരി, എഡി.എം ടി.കെ വിനീത്, നെടുമങ്ങാട് ആര്‍ഡിഒ കെ.പി ജയകുമാര്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News