എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു
കോഴിക്കോട്: എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു. സംഘര്‍ഷത്തില്‍ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോളേജും ഹോസ്റ്റലും അനിശ്ചിത കാലമായി അടച്ചത്.
ഇന്നലെ രാത്രി രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് രാവിലെ മുതല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചത്. സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് എസ്എഫ്‌ഐ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഋത്വിക്ക്, അനുഭാവി ആസിഫ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് പ്രതിഷേധം കെഎസ്‌യു താല്‍ക്കാലികമായി നിര്‍ത്തി.
പിന്നീട് നടപടി നേരിട്ട ഋത്വിക്ക് കോളേജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതോടെ കെഎസ്‌യുവിനൊപ്പം എംഎസ്എഫും പ്രതിഷേധം തുടങ്ങിയത് സംഘര്‍ഷത്തിന് ഇടയാക്കി. യൂണിയന്‍ ഉദ്ഘാടനത്തിന് പ്രിന്‍സിപ്പാളിനെ ക്ഷണിക്കാന്‍ എത്തിയ എസ്എഫ്‌ഐ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ പി ഗോപികയെ കെഎസ്‌യു മര്‍ദ്ദിച്ചതായി ആരോപിച്ച് എസ്എഫ്‌ഐയും പ്രതിഷേധിച്ചു.
ഇതിനിടെ സച്ചിന്‍ ദേവ് എംഎല്‍എ യൂണിയന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ശേഷം സച്ചിന്‍ ദേവ് മടങ്ങുന്നതിനിടെ കെഎസ്‌യു - എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം അവസാനിച്ചത്. കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിട്ടില്ലെന്നും സ്റ്റാഫ് കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ പ്രിന്‍സിപ്പാളിനെ സമീപിക്കുമെന്നും എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി.