ആറു വയസ്സുകാരനെ പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും പിതാവും രണ്ടാനമ്മയും; ആശുപത്രിയിലെത്തിക്കുമ്പോള്‍ ശരീരത്തില്‍ നിരവധി മുറിപ്പാടുകളും ഒടിവും: ഷെഫീക്ക് കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും
ആറു വയസ്സുകാരനെ പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും പിതാവും രണ്ടാനമ്മയും; ഷെഫീക്ക് കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും
ഇടുക്കി: കുമളിയില്‍ ആറുവയസുകാരന് ഷെഫീക്കിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും കൊാലപ്പെടുത്താന് ശ്രമിക്കുകയും ചെയ്ത കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏല്‍ക്കേണ്ടി വന്നത്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കേസില്‍ വിധി പറയുന്നത്.
കേവലം ആറു വയസ്സ് മാത്രമുള്ള കുരുന്നിനെ പട്ടിണിക്കിട്ടും ക്രൂരമായി തല്ലിച്ചതച്ചും കൊടിയ പീഡനമാണ് രണ്ടാനമ്മയും സ്വന്തം പിതാവും ചേര്‍ന്ന് അഴിച്ചു വിട്ടത്. 2013 ജൂലൈ 15 നാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്, ഇതോടെയാണ് ഷെഫീക്ക് നേരിട്ട കൊടിയ പീഡന വിവരം പുറം ലോകം അറിയുന്നത്.
ക്രൂര മര്‍ദനത്തില്‍ കുട്ടിയുടെ തലച്ചോറിന് ക്ഷതം ഏറ്റിരുന്നു. കാലിലെ ഒടിവും നിരവധി മുറിപ്പാടുകളുമായാണ് കുഞ്ഞ് ആശുപത്രിയിലെത്തുന്നത്. ഒരുപക്ഷേ ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു. ആഴ്ചകളെടുത്ത ചികിത്സയ്ക്കൊടുവില്‍ ഷെഫീക്ക് ജീവിത്തിലേക്ക് തിരികെയെത്തി. പക്ഷേ തലച്ചോറിനേറ്റ ക്ഷതം കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ ബാധിച്ചു. കുമളി പൊലീസ് 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ പൂര്‍ത്തിയായി. പിതാവ് ഷെരീഫാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രണ്ടാനമ്മ അനീഷയും.
ഷെഫീക്കിന്റെ സഹോദരന് ഷെഫീനെ മര്‍ദ്ദിച്ചതിനും ഇരുവര്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ദൃക് സാക്ഷികളില്ലാതിരുന്നിട്ടും, മെഡിക്കല്‍ തെളിവുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവയുടെ പിന്‍ബലത്തിലാണ് വാദം പൂര്‍ത്തിയാക്കിയത്.