ഭാര്യയുടെ സ്വർണം പണയം വെച്ച കാശിന് കഞ്ചാവ് വാങ്ങി; വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വരുമ്പോൾ പോലീസിന്റെ പിടിയിൽ; രണ്ട് പേർ പിടിയിൽ

Update: 2026-02-01 15:20 GMT

ഇടുക്കി: വിൽപ്പനയ്ക്കായി കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ ഇടുക്കി രാജാക്കാട് പോലീസ് പിടികൂടി. കീരിത്തോട് ഇരമംഗലം സ്വദേശി സന്തോഷ്, കത്തിപ്പാറ കടുമ്പുകളം സ്വദേശി അശ്വിൻ സോമരാജ് എന്നിവരാണ് രാജാക്കാട് ടൗണിലെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് പിടിയിലായത്. വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവും അതിനായി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ സന്തോഷിന്റെ ഭാര്യയുടെ സ്വർണം പണയംവെച്ച് ലഭിച്ച തുകയ്ക്കാണ് കഞ്ചാവ് വാങ്ങിയത്.

രണ്ട് കിലോ വീതമുള്ള പൊതികളാക്കി ഒരു വലിയ ഷോപ്പർ ബാഗിലാക്കിയാണ് പ്രതികൾ ബൈക്കിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പ്രതികൾ കഞ്ചാവ് കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് സന്തോഷിനെയും അശ്വിനെയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സന്തോഷിന്റെ ഭാര്യയുടെ സ്വർണം പണയംവെച്ച് കിട്ടിയ ഒരു ലക്ഷത്തി അയ്യായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി.

കുത്തുങ്കൽ സ്വദേശിയായ ഒരാളിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ മൊഴി നൽകിയെങ്കിലും, ഇയാളെ കണ്ടെത്താനായിട്ടില്ല. കഞ്ചാവ് ഉപയോഗത്തിലൂടെയാണ് സന്തോഷും അശ്വിനും പരിചയപ്പെട്ടത്. കഞ്ചാവ് കടത്തിക്കൊടുക്കുന്നതിനുള്ള പ്രതിഫലമായി അശ്വിന് 100 ഗ്രാം കഞ്ചാവ് ലഭിച്ചിരുന്നതായും പോലീസ് അറിയിച്ചു. രണ്ടാം തവണയാണ് ഇവർ കഞ്ചാവ് കടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. പ്രതികളെ അടിമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News