രഹസ്യവിവരത്തിൽ പരിശോധന; എക്‌സൈസിനെ കണ്ട് പാഞ്ഞ പ്രതികളെ വളഞ്ഞിട്ട് പിടികൂടി; പിടിച്ചെടുത്തത് മെത്താംഫിറ്റമിൻ
മലപ്പുറം: ഇരുചക്ര വാഹനത്തില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന മാരക ലഹരിമരുന്നായ രണ്ട് യുവാക്കളെ തിരൂരങ്ങാടി എക്‌സൈസ് പിടികൂടി. കൊടക്കാട് വി.പി. ഇഹ്‌സാനുല്‍ ബഷീര്‍ (32), ചെട്ടിപ്പടിയിലെ കെ.വി. നിഷാദ് (34) എന്നിവരാണ് വള്ളിക്കുന്ന് അരിയല്ലൂര്‍ കൊടക്കാട് ഭാഗത്ത് വെച്ച് എക്‌സൈസിൻ്റെ പിടിയിലായത്. 9.692 ഗ്രാം മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തത്.
ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളില്‍ സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സ്കൂട്ടറിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധന കണ്ടയുടൻ സ്കൂട്ടറുമായി അതിവേഗം പാഞ്ഞ പ്രതികളെ എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
പിടിയിലായ ഇഹ്‌സാനുല്‍ ബഷീര്‍ മുമ്പ് പരപ്പനങ്ങാടി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉള്‍പ്പെട്ടയാളും നിലവിൽ കോടതി നടപടി നേരിടുന്നയാളുമാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ അസിസ്റ്റൻ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദന്‍, പ്രിവൻ്റീവ് ഓഫീസര്‍ ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിനരാജ്, ദിദിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.