അവയവ ദാനത്തിനായി ഈ വര്‍ഷം ഇതുവരെ ലഭിച്ചത് 262 ശരീരങ്ങള്‍; തമിഴ്‌നാട്ടില്‍ മരണാനന്തര അവയവ ദാനത്തില്‍ കുതിപ്പ്

അവയവ ദാനത്തിനായി ഈ വര്‍ഷം ഇതുവരെ ലഭിച്ചത് 262 ശരീരങ്ങള്‍; തമിഴ്‌നാട്ടില്‍ മരണാനന്തര അവയവ ദാനത്തില്‍ കുതിപ്പ്

Update: 2024-12-20 04:05 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ മരണാനന്തര അവയവദാനത്തില്‍ വന്‍ മുന്നേറ്റം. ഈ വര്‍ഷം ഇതുവരെ 262 ശരീരങ്ങളാണ് അവയവങ്ങളെടുക്കാനായി ലഭിച്ചത്. അതില്‍ നിന്ന് 91 ഹൃദയവും 203 കരളും 442 വൃക്കയും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.

സംസ്ഥാനത്ത് 2008-ല്‍ മരണാനന്തര അവയവദാനപദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്തവണത്തേത്. 2023-ല്‍ 178 ശരീരങ്ങളാണ് ദാനംചെയ്തു കിട്ടിയത്. അവയില്‍നിന്ന് ആയിരത്തോളം അവയവങ്ങള്‍ ഉപയോഗിച്ചതായി അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്ളാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടി (ട്രാന്‍സ്റ്റാന്‍)ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2022-ല്‍ 156 ശരീരങ്ങളില്‍ നിന്നായി 878 അവയവദാനം നടന്നു. പദ്ധതി തുടങ്ങിയ 2008-ല്‍ ഏഴ് ശരീരങ്ങള്‍ മാത്രംലഭിച്ച സ്ഥാനത്താണിത്. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതിനുശേഷമാണ് അവയവ ദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായത്.

അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെയും മസ്തിഷ്‌ക മരണം സംഭവിച്ചയുടന്‍ അവയവം എടുക്കാന്‍ അനുവദിക്കുന്ന ബന്ധുക്കളുടെയും ത്യാഗസന്നദ്ധതയോടുള്ള ആദരസൂചകമായാണ് ഇത്.

Tags:    

Similar News